ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്ത്. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഭരണഘടനാ ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന് മുൻ തന്ത്രി കണ്‌ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തർജനമാണ് കത്തിലൂടെ ചീഫ് ജസ്‌റ്റിസ് എൻവി രമണയോട് അഭ്യർഥിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട് എന്ന് ദേവകി അന്തർജനം കത്തിൽ ചൂണ്ടികാട്ടി. ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹരജികളിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്‌റ്റിസായിരുന്ന എസ്എ ബോബ്ഡെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചെങ്കിലും തുടര്‍നടപടികൾ ഉണ്ടായില്ല. ആ ബെഞ്ചിലെ ജസ്‌റ്റിസ് ബോബ്ഡെ ഉൾപ്പടെ പല ജഡ്‌ജിമാരും വിരമിച്ച സാഹചര്യത്തിൽ ഇനി കേസ് പരിഗണിക്കുന്നതിന് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടിവരും.
അതേസമയം മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ ഇന്നുമുതൽ ഭക്‌തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌തത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന് മുതൽ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്. കാലാവസ്‌ഥ പ്രതികൂലമായതിനാൽ പമ്പയിൽ കുളിക്കുന്നതിന് അനുമതിയില്ല.
Most Read: സമൂഹ മാദ്ധ്യമങ്ങൾ നിരോധിക്കണം; ആർഎസ്എസ് ചിന്തകൻ ഗുരുമൂർത്തി