ശബരിമല സ്‌ത്രീ പ്രവേശനം: കെ സുരേന്ദരന്റെ ഭീഷണി ഫലിച്ചു; നിര്‍ദ്ദേശം നീക്കുമെന്ന് ദേവസ്വം മന്ത്രി

പൊലീസുകാര്‍ക്ക് ആഭ്യന്തര വകുപ്പ് നൽകിയ കൈപ്പുസ്‌തകത്തിൽ സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാ തീർഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം ഉണ്ടെന്ന ഭാഗം നീക്കം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഭീഷണിക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

By Central Desk, Malabar News
Sabarimala women's entry
Ajwa Travels

പത്തനംതിട്ട: സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്ക് എല്ലാ വിശ്വാസികൾക്കും തീർഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചു. സർക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 28/09/2018 തീയതിയിലെ ഡബ്ള്യുപി (സി) 373/2016 വിധിന്യായ പ്രകാരം എല്ലാ തീർഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണ്, എന്നാണ് കൈപ്പുസ്‌തകത്തിലെ പൊതു നിര്‍ദ്ദേശത്തിലുള്ളത്. ഇത് നീക്കം ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചത്. തീർഥാടന കാലം തുടങ്ങിയതിന്റെ പശ്‌ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലിസുകാർക്ക് നൽകിയ കൈപ്പുസ്‌തകത്തിലാണ് സുപ്രീം കോടതിയുടെ വിധി ഉൾപ്പെടുത്തിയിരുന്നത്.

ശബരിമല പ്രതിഷേധത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൈപ്പുസ്‍തകത്തിലെ നിര്‍ദേശം ദുരുദ്ദേശം ആണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ‘ഒരിക്കല്‍ വിശ്വാസികള്‍ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കില്‍ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്നു’ എന്നിങ്ങനെയായിരുന്നു കെ സുരേന്ദ്രന്‍ ഫേസ്ബുക് വഴിയുള്ള ഭീഷണി.

ശബരിമലയില്‍ പൊലീസിന് നല്‍കിയ വിവാദ നിര്‍ദേശം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രന്‍ കൊച്ചിയിലും പറഞ്ഞു. തുടർന്ന്, ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്‌തകത്തിലെ വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് മന്ത്രി സന്നിധാനത്ത് പ്രതികരിച്ചതിന് പിന്നാലെ, മുന്‍ വര്‍ഷങ്ങളില്‍ അച്ചടിച്ചുവെച്ചിരുന്ന കൈപ്പുസ്‌തകത്തിലാണ് നിര്‍ദ്ദേശം ഉള്ളതെന്നും അത് പിൻവലിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാറും വ്യക്‌തമാക്കി.

പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്‌ത്രീകൾക്കാണ്‌ ശബരിമലയിൽ പ്രവേശന വിലക്കുള്ളത്. ആചാരപരമായ വിലക്ക് 1991ലെ കേരള ഹൈക്കോടതി വിധിയനുസരിച്ച് നിയമപരമായി മാറിയിരുന്നു. തുടർന്ന്, ഈ വിധിക്കെതിരെ ഒട്ടനേകം ഹരജികൾ സുപ്രീം കോടതിയിലെത്തി. വർഷങ്ങൾ നീണ്ട കോടതി ഇടപെടലുകൾക്ക് ഒടുവിൽ 2018 സെപ്റ്റംബർ 29ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി ചരിത്രവിധി പുറപ്പെടുവിച്ചു.

പ്രായവും ലിംഗവും അടിസ്‌ഥാനമാക്കിയ പ്രവേശനവിലക്ക് ഭരണഘടനയുടെ അനുഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയനുസരിച്ച്, ബിന്ദു അമ്മിണി, കനകദുർഗ തുടങ്ങി ഏതാനും സ്‌ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ സാധിച്ചില്ല.

സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയത് വലിയ പ്രതിഷേധങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. സമരം അക്രമാസക്‌തമാകുകയും തുടർന്ന് പമ്പ,നിലയ്‌ക്കൽ, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്‌തിരുന്നു. വിധിക്ക് അനുസൃതമായ ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ ശ്രമിച്ച സംസ്‌ഥാന സര്‍ക്കാരിനെതിരായി പ്രതിഷേധവും സംഘർഷവും തിരിഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നാമജപറാലികളും പ്രതിഷേധ യോഗങ്ങളും സംഘടിക്കപ്പെട്ടു. തുടർന്ന് സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കഴിയാതെ സർക്കാർ മുട്ടുമടക്കി. സ്‌ത്രീ പ്രവേശനം അനുവദിച്ചുളള സുപ്രീം കോടതി വിധി നിലവിൽ റദ്ദാക്കിയിട്ടില്ല. എന്നാൽ, വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Most Read: തമിഴ്‌നാട്ടിൽ മുന്നാക്ക സംവരണം നടപ്പാക്കില്ല; വിധിയെ ചോദ്യം കോടതിയിൽ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE