ന്യൂഡെൽഹി: സർക്കാരിനെ വിമർശിക്കുന്നതിന് പൗരൻമാർക്ക് എതിരെ കേസെടുക്കുന്നത് എന്തിനാണെന്ന് സുപ്രീം കോടതി. മമത ബാനർജി സർക്കാരിനെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന് ഡെൽഹി സ്വദേശിനിയെ ചോദ്യം ചെയ്യാനായി കൊൽക്കത്ത പോലീസ് വിളിപ്പിച്ചതിന് എതിരെയുള്ള ഹരജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
സർക്കാരിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ചു എന്നാരോപിച്ച് പൗരനെ ഒരു സ്‌ഥലത്തു നിന്ന് മറ്റൊരു സ്‌ഥലത്തേക്ക് വലിച്ചിഴക്കാനാകില്ലെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊലീസ് പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പശ്‌ചിമ ബംഗാൾ സർക്കാർ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നില്ലെന്നും ആൾക്കൂട്ടങ്ങളെ അനുവദിക്കുക ആണെന്നും ആരോപിച്ചായിരുന്നു 29കാരിയായ രോഷ്‌നി ബിസ്വാസ് ഫേസ്ബുക്കിൽ പോസ്‌റ്റ് ഇട്ടത്. തുടർന്ന് ചോദ്യം ചെയ്യാൻ പോലീസിന് മുമ്പാകെ ഹാജരാകണമെന്ന് കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ യുവതി സുപ്രീം കോടതിയെ സമീപിക്കുക ആയിരുന്നു.
Also Read: ‘സിഎഎ സമരക്കാരെ തടവറയിൽ തള്ളാൻ ഡെൽഹി പോലീസിന് എഎപി സർക്കാരിന്റെ പിന്തുണ’
സർക്കാരിനെ വിമർശിക്കാൻ ഒരു പൗരന് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിക്കുന്നതിന് സമാനമാണ് കൊൽക്കത്ത പോലീസിന്റെ നടപടിയെന്ന് കോടതി പറഞ്ഞു. ഡെൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് അവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത് തികച്ചും ഉപദ്രവമാണ്. നാളെ, കൊൽക്കത്ത, മുംബൈ, മണിപ്പൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഇതുപോലെ വിളിച്ചു വരുത്തിയേക്കും. ‘നിങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചാൽ, ഞങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും’, എന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ പോലീസ് നൽകുന്നതെന്നും സുപ്രീം കോടതി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൗരന്റെ അവകാശം നിഷേധിക്കപ്പെടുകയാണ്. മഹാമാരിയുടെ വ്യാപനം ശരിയായി കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്ന് വിമർശിക്കുന്നതിന് ഒരാളെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി.
Kerala News: സ്വർണക്കടത്ത് ‘സെമി’ ക്ളൈമാക്‌സ്; എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി







































