അഹമ്മദാബാദ്: ഗുജറാത്തിലെ പിരാന- പിപ്ളജ് റോഡിലെ വസ്ത്ര നിര്‍മ്മാണ ശാലയുടെ കെമിക്കല്‍ ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അഞ്ച് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഒമ്പത് മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
Also Read: അമേരിക്കൻ തെരഞ്ഞെടുപ്പ്: ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വീപ്പകളിലെ കെമിക്കല്‍ ആണ് സ്ഫോടനത്തിന് ഇടയാക്കിയത്. ചെറിയ തീപിടുത്തമാണ് ഉണ്ടായതെങ്കിലും കെമിക്കല്‍ പൊട്ടിത്തെറിച്ചതോടെ വന്‍ സ്ഫോടനമായി മാറുകയായിരുന്നു. കോണ്‍ക്രീറ്റ് കട്ടകള്‍ മുറിച്ചു മാറ്റിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെത്തിച്ചതെന്ന് അഗ്നിശമന സേന മേധാവി എംഎഫ് ദസ്തൂർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.






































