കൊല്ലം: ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫ് മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എങ്ങുമെത്താതെ സിബിഐ അന്വേഷണം. നിലവിലെ അന്വേഷണ സംഘം ഇതുവരെയും മൊഴി രേഖപ്പെടുത്താനായി പോലും ഫാത്തിമയുടെ വീട്ടില്‍ വന്നിട്ടില്ല.
അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ലത്തീഫ് സിബിഐ ഡയറക്റ്റര്‍ക്ക് കത്തയച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് തന്റെ മരണത്തിന് കാരണക്കാരന്‍ അധ്യാപകന് സുദര്ശന് പത്മനാഭന് ആണെന്ന് മൊബൈല്‍ ഫോണില്‍ കുറിച്ചുവച്ച് ഫാത്തിമാ ലത്തീഫ് ഹോസ്റ്റൽ മുറിയില്‍ ജീവനൊടുക്കിയത്.
മറ്റ് രണ്ട് അധ്യാപകര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. തമിഴ്നാട് കോട്ടൂര്‍പുരം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ചെന്നൈ സിറ്റി പൊലീസിന്റെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ശേഷം സിബിഐക്ക് കൈമാറുകയായിരുന്നു
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ചുനാളുകളായി നിര്‍ത്തിവച്ചിരുന്ന അന്വേഷണം പുനരാംഭിച്ചതായി കഴിഞ്ഞയാഴ്ച സിബിഐ സംഘം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് കാത്തിരിക്കുകയാണ് കുടുംബം
Read also: വരവില്‍ കവിഞ്ഞ സ്വത്ത്; കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം







































