ന്യൂഡെൽഹി: പതിവ് പോലെ ദീപാവലി സൈനികർക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ രാജസ്‌ഥാനിലെ ജയ്‌സാൽമറിലാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയത്. 2014ൽ പ്രധാനമന്ത്രി സ്‌ഥാനത്ത് എത്തിയത് മുതൽ ആറ് വർഷമായി സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. ദീപാവലി ദിനത്തിൽ സൈനികർക്കായി എല്ലാ ജനങ്ങളും ഒരു ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്തെന്നും അവരുടെ സന്തോഷമാണ് തന്റെ ആനന്ദമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിയാച്ചിനിൽ ദീപാവലി ആഘോഷിച്ചതിന് പല കോണിൽ നിന്നും തനിക്കെതിരെ വിമർശനം ഉയർന്നിരുന്നെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ സൈനികരാണ് രാജ്യത്തിന്റെ ശക്‌തിയെന്ന് താൻ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരുടെയും പേരിൽ സൈനികർക്കും അവരുടെ കുടുംബത്തിനും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

വിവിധ രാജ്യങ്ങളുമായി ദീർഘദൂര അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ലോഗെവാല അതിർത്തി എല്ലാ ഇന്ത്യക്കാരനും പരിചിതമാണെന്ന് പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മേധാവി ബിപിൻ റാവത്ത്, കരസേന മേധാവി എംഎം നരാവണെ, ബിഎസ്എഫ് മേധാവി ജനറൽ രാകേഷ് അസ്‌താന എന്നിവരും ജയ്‌സാൽമർ സന്ദർശിച്ചു.
Also Read: ‘രാജ്യത്ത് വീണ്ടും അടച്ചിടല്‍’; വ്യാജ പ്രചാരണമെന്ന് കേന്ദ്രം





































