കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീർ എംഎൽഎക്കും പങ്കെന്ന് പരാതി. ഐഎൻഎൽ നേതാവ് അബ്ദുൽ അസീസ് ആണ് പരാതിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിരിക്കുന്നത്. വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടേയും മുനീറിന്റേയും ഭാര്യമാരുടെ പേരിലാണ്. 1.02 കോടി രൂപക്കാണ് 92 സെന്റ് സ്ഥലം വാങ്ങിയത്. എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കെഎം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണെന്നും ഇത് നെറികെട്ട നിലപാടാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
തുടർച്ചയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ കെഎം ഷാജിയെ യോഗത്തില്‍ വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു. നിലവിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയാണ് കെഎം ഷാജി.
Malabar News: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാള്‍ പോലീസ് കസ്റ്റഡിയില്‍







































