ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്‌ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ നടക്കുന്നതു ഇതാദ്യമാണ്. ഓഗസ്റ്റ് 22 മുതലാണ് ഇന്ത്യയില്‍ ഓക്സ്ഫഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ദിവസം നൂറോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രീട്ടീഷ്-സ്വീഡിഷ് മരുന്ന് കമ്പനിയുമായ ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ച ADZ-1222 വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണം ഇന്ത്യയിലെ പങ്കാളികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നടത്തുന്നത്. രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് മൂന്നാം ഘട്ടത്തിലെ പരീക്ഷണം. പുനെ, മുംബൈ, മഹാരാഷ്ട്ര, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം. ഈ ഘട്ടത്തില്‍ 1,600 പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. കോവിഡ് ഇതുവരെ ബാധിച്ചിട്ടില്ലാത്ത ആരോഗ്യവാന്‍മാരായ വോളന്റിയര്‍മാരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യക്കു പുറമെ ബ്രസീലിലും അമേരിക്കയിലും ഓക്സ്ഫഡ് വാക്സിന്റെ അവസാനഘട്ടങ്ങള്‍ മുന്നേറുന്നുണ്ട്. ഡോസ് ഒന്നിന് 250 മുതല്‍ 300 രൂപ വരെ വിലയ്ക്കു വാക്‌സിന്‍ രാജ്യത്തു ആദ്യ ഘട്ടങ്ങളില്‍ ലഭ്യമാകുമെന്ന് സൂചനയുണ്ട്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്കും അവികസിത രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ഡോസുകള്‍ ഉറപ്പാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്താക്കള്‍ പറയുന്നു.







































