തിരുവനന്തപുരം: നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാദ്ധ്യമ ലോകത്തും ശക്‌തമായ എതിർപ്പ് രൂപം കൊണ്ട വിവാദ പൊലീസ് നിയമ ഭേദഗതി ഇടതുപക്ഷത്തിന് തലവേദനയാകുന്നു.
സാധാരണ ഇത്തരം വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് കുറവാണ്. നാട്ടുകാർക്ക് ഏറെ അടുപ്പം തോന്നുന്ന സ്‌ഥാനാർഥിയും പിന്നെ അടിത്തട്ടിൽ നടക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുമാണ് വോട്ടറെ കാര്യമായി സ്വാധീനിക്കാറുള്ളത്. ഇത്തവണ കോവിഡ് പോരാട്ടത്തിൽ സർക്കാർ എടുത്ത നീക്കങ്ങങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമായിരുന്നു. ഇതിനപ്പുറമുള്ള വിഷയങ്ങൾ തദ്ദേശ സ്‌ഥാനാർഥിയെ ജയിപ്പിക്കാൻ ഇക്കാലമത്രയും വോട്ടർമാർ കാര്യമായി പരിഗണിച്ചിരുന്നില്ല
എന്നാൽ ഇത്തവണ കാര്യങ്ങൾക്ക് അൽപം വ്യത്യാസമുണ്ട്. ഗ്രാമങ്ങളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം ചർച്ചയാകുന്നു. യുവസമൂഹവും ആധുനിക പ്രചരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ഇടപെടുന്ന തിരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. അത് തിരിച്ചറിയാൻ ഇടതുപക്ഷം വൈകിപ്പോയി എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് തീർത്തും അവ്യക്‌തതകളുള്ള, എന്നാൽ അഭിപ്രായ സ്വാതന്ത്ര്യമോ, ആക്ഷേപഹാസ്യ സ്വാതാന്ത്ര്യമോ, ചലനാത്‌മകമായ ഒരു സംവാദമോ പോലും “ഭയം“ എന്ന വാളിന് കീഴിലേക്ക് കൊണ്ട് പോകുന്ന ഇത്തരമൊരു കാടൻ നിയമം ഈ സമയത്ത് സമൂഹത്തിന് മുന്നിലേക്ക് വെച്ചത്.
ഐ ടി ആക്റ്റ് 2000ത്തിലെ 66എ വകുപ്പും, 2011ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടികാട്ടി നിരവധി സംവാദങ്ങളും ചർച്ചകളും പ്രതിഷേധങ്ങളും ഉയർത്തിയ ഒരു രാഷ്‌ട്രീയ പ്രസ്‌ഥാനമാണ് അതിനേക്കാള്‍ മാരകവും ജനാധിപത്യ വിരുദ്ധവുമായ നിയമം കൊണ്ടുവരുന്നത്.
ഒരു പരാതിക്കാരന്‍ പോലുമില്ലാതെ പോലീസിന് സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന അപകടകരമായ ഈ വകുപ്പ് ആരുടെ ഉപദേശമായാലും പാർട്ടിക്കത് വരുത്തുന്ന ക്ഷീണം ചെറുതല്ല. ഈ നിയമത്തിൽ മാറ്റം വരുത്തിയാലും പിൻവലിച്ചാലും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കാൻ കരിനിയമം കൊണ്ട് വരാൻ ശ്രമിച്ച മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
Related Read: അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ