അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ

By Esahaque Eswaramangalam, Chief Editor
  • Follow author on
118A KP Act _Malabar News
Ajwa Travels

മോദിയുടെ ആശ്രിതവൽസനായ സംസ്‌ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിലെ ചുംബനവും കാമവും വരെ അനുവദനീയമാക്കണം എന്നാവശ്യപ്പെടുന്ന അഭിപ്രായ, വ്യക്‌തി, ആവിഷ്‌കാര, ഭക്ഷണ സ്വാതന്ത്ര്യ അപ്പോസ്‌ത​ല​ൻമാരായ ഇടതുപക്ഷത്തിന്റെ ‘രാജാവ്’ പിണറായി വിജയനും ചേർന്ന് അഭിപ്രായം പറയുന്നവരെ നിഷ്‌കാസനം ചെയ്യാൻ പുതിയ നിയമം നടപ്പിലാക്കിയിരുന്നു.

അതിന്റെ പേരാണ് കേരള പൊലീസ് നിയമ ഭേദഗതി 118 എ’. ഉത്തരേന്ത്യൻ മോദിമാരും പിണറായിമാരും അവിടങ്ങളിൽ അഭിപ്രായ പ്രഖ്യാപന ധൈര്യമുള്ള ആളുകളെ വേട്ടയാടാൻ നടപ്പിലാക്കുന്ന അതേ നിയമം അതിലും ഭീകരമായി കേരളത്തിൽ നടപ്പിലാക്കുന്നു എന്നതാണ് യാഥാർഥ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാകുമെന്ന് കണ്ട് സുപ്രീം കോടതിവരെ റദ്ദാക്കിയ, ഐടി ആക്‌ട് 2000ലെ 66 എ വകുപ്പിനേക്കാളും 2011ലെ കേരള പൊലീസ് ആക്‌ടിലെ 118(ഡി) വകുപ്പിനേക്കാളും അപകടകരമാണ് ഈ നിയമം.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ‘സാമൂഹിക മാദ്ധ്യമ’ ആക്രമണങ്ങളെ തടയാനെന്ന പേരിലാണ് നിയമ ഭേദഗതി ആദ്യം ആസൂത്രണം ചെയ്‌തത്‌. അത് തീർച്ചയായും അനിവാര്യവുമാണ്‌. അത്തരമൊരു നിയമനിർമാണം ഒരു മാദ്ധ്യമ സ്‌ഥാപനങ്ങളും എതിർക്കില്ല. എന്നാൽ അതിന്റെ മറവിൽ, സുപ്രീംകോടതി എടുത്തുമാറ്റിയ ഐടി ആക്‌ട് 2000ലെ 66 എ വകുപ്പിനെയും 2011ലെ കേരള പൊലീസ് ആക്‌ടിലെ 118(ഡി) വകുപ്പിനെയും മറികടക്കാനുള്ള ഈ നിയമ ഭേദഗതി ഫാസിസമാണ്.

യഥാർഥത്തിൽ, ഇവിടെ സംഭവിച്ചിരിക്കുന്നത് ‘സാമൂഹിക മാദ്ധ്യമ’ തോന്നിവാസങ്ങളെ തടയാനെന്ന പേരിൽ മുഴുവൻ മാദ്ധ്യമങ്ങളുടെയും ജനതയുടെയും അഭിപ്രായ, ആക്ഷേപഹാസ്യ ആവിഷ്‌കാരത്തെയും കൂച്ചുവിലങ്ങിടാനുള്ള തന്ത്രമാണ് നടപ്പിലാക്കിയത്. അത് കൊണ്ടാണ് നിയമത്തിൽ സമൂഹ മാദ്ധ്യമങ്ങള്‍ എന്ന് പ്രത്യേക പരാമര്‍ശം നൽകാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമാകുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നത്.

നിലവിലെ നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. യാതൊരു മുന്നറിയിപ്പും കൂടാതെ, അഥവാ രാജ്യദ്രോഹ കുറ്റം ‘ആരോപിച്ച്’ കസ്‌റ്റഡിയിൽ എടുക്കുന്നത് പോലെ ആരെയും വാറണ്ട് കൂടാതെ കസ്‌റ്റഡിയിൽ എടുക്കാനുള്ള അവകാശ സ്വാതന്ത്ര്യവും പൊലീസിന് ഈ നിയമം നൽകുന്നു. അതുകൊണ്ട് തന്നെ ആധുനിക സമൂഹം വിട്ടുവീഴ്‌ചയില്ലാതെ എതിർക്കേണ്ട കരിനിയമമാണ് 118. ഇത് പൗരാവകാശങ്ങളെ ഹനിക്കുന്ന, അതിനു നേരെയുള്ള കടന്നാക്രമണമാണ്. യഥാർഥത്തിൽ പൊലീസിനെ കയറൂരിവിട്ട് പൗരസമൂഹത്തെ നിരന്തര ഭീഷണിക്ക് കീഴിൽ നിർത്താനുള്ള ഭരണകൂട നീക്കമാണിത്.

Most Read: ‘പോലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം’; വി മുരളീധരന്‍

ഒറ്റനോട്ടത്തിൽ 118-A വിശുദ്ധ പശുവാണെന്ന് നമുക്ക് തോന്നാം. കാരണം അതിൽ പറയുന്നതിനെ നിയമപരമായി വ്യാഖ്യാനിച്ചാൽ ഇങ്ങിനെ വായിക്കാം; ഒരു വ്യക്‌തിയെയോ വർഗത്തെയോ വ്യക്‌തകളെയോ ഭീഷണിപ്പെടുത്തുന്നതിനോ, അപമാനിക്കുന്നതിനോ, യശസിനോ, കീർത്തിക്കോ കളങ്കം വരുത്തുന്നതിനോ കാരണമായേക്കാവുന്ന തരത്തിലുള്ള എന്തെങ്കിലും സൃഷ്‌ടിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നയാൾക്ക് മൂന്ന് വർഷംവരെ തടവോ അല്ലെങ്കിൽ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

ഇനിയാണ് ചിന്തിക്കേണ്ടത്; മുകളിലെ പാരഗ്രാഫിൽ എഴുതിയ ‘ഇടതുപക്ഷത്തിന്റെ രാജാവ് പിണറായി’ എന്ന പ്രയോഗമോ ഉത്തരേന്ത്യൻ മോദിമാരും പിണറായിമാരും എന്ന പ്രയോഗമോ പിണറായിയുടെ കീർത്തിക്കോ യശസിനോ കളങ്കം വരുത്തുന്നതായി ആർക്കെങ്കിലും തോന്നിയാൽ അയാൾക്ക് പോലീസിൽ പരാതി നൽകാം. ഒരറിയിപ്പും കൂടാതെ, വാറന്റ് പോലും ഇല്ലാതെ എന്നെ കസ്‌റ്റഡിയിൽ എടുക്കാം. ജാമ്യം നൽകാതെ കസ്‌റ്റഡിയിൽ സൂക്ഷിക്കാം. മൂന്ന് കൊല്ലം വരെ തടവും 10,000 രൂപ പിഴയും കിട്ടാവുന്ന ശിക്ഷ നൽകാം. ചുരുക്കത്തിൽ, ഏത് പൊലീസുകാരനും രാഷ്‌ട്രീയക്കാരനും എളുപ്പത്തിൽ ദുരുപയോഗം ചെയ്യാവുന്ന നിയമം, അതാണ് 118A.

Related Read: ‘പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്‌നാഥ് ബെഹ്‌റ

ഇനി ആരും പരാതി കൊടുത്തില്ലങ്കിലും എന്നെ ഈ വരികളുടെ പേരിൽ പൊലീസിന് കസ്‌റ്റഡിയിൽ എടുക്കാം. കാരണം സംസ്‌ഥാന മുഖ്യമന്ത്രിയെ അപമാനിച്ചതായും മുഖ്യമന്ത്രിയുടെ കീർത്തി ഹനിക്കപ്പെട്ടതായും പോലീസിന് കണ്ടെത്താൻ കഴിഞ്ഞാൽ യാതൊരു മുന്നറിയിപ്പും വിശദീകരണവും കൂടാതെ ഏതൊരു മാദ്ധ്യമ പ്രവർത്തകനെയും രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരെയും ഈ രീതിയിൽ വേട്ടയാടാം.

തീർന്നില്ല, വ്യക്‌തമായ തെളിവുകൾ ഇല്ലാതെ ഒരു ആരോപണവും ആർക്കും, ആർക്കെതിരെയും ഉന്നയിക്കാൻ സാധിക്കില്ല. വ്യക്‌തമായ ധാരണയുടെയും കണക്കു കൂട്ടലുകളുടെയും ലഭ്യമാകുന്ന വിവരങ്ങളുടെയും അടിസ്‌ഥാനത്തിൽ ഉന്നയിക്കുന്ന ആരോപണം നിലവിലെ നിയമം അനുസരിച്ച് സാധ്യമാകില്ല. പോലീസ് കേസെടുത്താൽ ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കേണ്ടി വരും.

നരേന്ദ്ര മോദിയെ ഹിന്ദുത്വ ഭീകരവാദി എന്നോ, യോഗിയെ തീവ്രവാദി എന്നോ, ഗോഡ്‌സെയെ ഗാന്ധി കൊലപാതകിയാണ് എന്നോ, മൗദൂദി തീവ്രവാദിയാണ് എന്നോ പറഞ്ഞാൽ, എഴുതിയാൽ പൊലീസിന് സ്വയമേവ കേസെടുക്കാം. അതല്ലങ്കിൽ ഈ മഹാൻമാരുടെയൊക്കെ ‘അടിമകളായ’ അണികളുടെ പരാതിയിലും കേസെടുക്കാം. കാരണം ഈ പറഞ്ഞ വാക്കുകളൊക്കെ മുകളിൽ പ്രതിബാധിച്ച ‘മഹാൻമാരുടെ’ കീർത്തിക്കും യശസിനും കളങ്കം ഉണ്ടാക്കുന്നതാണ്.

ഇത്തരമൊരു നിയമ ഭേദഗതി ഓർഡിനൻസായി ഇറക്കിയ ശേഷം അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി സ്വയം അപഹാസ്യനാവുകയാണ്. രാജഭരണകാലമല്ല എന്ന കാര്യം യോഗിയെപോലെ, മോദിയെപോലെ പിണറായിയും മറന്നു പോകുന്നുണ്ടോ? പിണറായി പറയുന്നു; ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്‌പക്ഷമായ മാദ്ധ്യമ പ്രവര്‍ത്തനത്തിനോ ഈ നിയമം എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് ഇത്തരമൊരു കാടൻ നിയമം പാസാക്കിയ ശേഷം ഇദ്ദേഹം പറയുന്നു.

ഓർമവന്നത്, നോട്ടു നിരോധനം നടപ്പിലാക്കിയ മോദിയുടെ ‘എന്നെ കൊന്നോളൂ‘ എന്ന വിഖ്യാതമായ വൈകാരിക പ്രയോഗമാണ്. ജിഎസ്‌ടി നടപ്പിലാക്കിയ ശേഷം, രാജ്യത്തോട് ‘മഹത്തായ മുന്നേറ്റം‘ എന്ന് പ്രഖ്യാപിച്ച മോദിയുടെ നാടകമാണ്. ദരിദ്ര കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ട് അനുവദിച്ചു നടത്തിയ ‘ചരിത്രം വഴിമാറുകയാണ്, മഹത്തായ രാജ്യം ഇതാ ഉദയം ചെയ്യുന്നു‘ എന്ന മോദിയുടെ വീരവാദമാണ്. റെയിൽവേയും എയർപോർട്ടും ബാങ്കുകളും വിറ്റഴിക്കുമ്പോൾ മോദി പ്രഖ്യാപിച്ച ‘രാജ്യം പുതിയ സാമ്പത്തിക മുന്നേറ്റത്തിലാണ്‘ എന്ന പെരുംനുണ ഉൾപ്പടെ കടന്നു പോയ അനേകം ചെകുത്താൻ വാഖ്യങ്ങളാണ് ഓർമ വരുന്നത്.

വാർത്താ മാദ്ധ്യമങ്ങളെ മാത്രമല്ല ഒരു ജനാധിപത്യ സമൂഹത്തിലെ പൗരസംവാദ രീതിയെതന്നെ ഇല്ലാതാക്കാനാണ് ഈ നിയമം ഭാവിയിൽ ഉപയോഗപ്പെടുത്തുക എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടതില്ല. മോദി സർക്കാർ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിജ്‌ഞാപനം പുറത്തിറക്കിയാൽ അത് ഫാസിസവും പിണറായി രാജാവ് ഇറക്കിയാൽ അത് മഹത്തരവും ആകുന്ന രീതിയിലേക്ക് ‘രാജാടിമകൾ‘ അധഃപതിച്ചിട്ടുണ്ടങ്കിൽ അത് കേരളം നൂറ്റാണ്ടുകൾ കൊണ്ട് നേടിയ മാനവികതയുടെ, അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപചയമാണ് എന്നത് ഓർമ്മിപ്പിക്കുന്നു.

ഈ നിയമം കേന്ദ്രമാണ് നടപ്പിലാക്കിയിരുന്നത് എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഇടതുപക്ഷം എങ്ങനെ പ്രതികരിക്കുമായിരുന്നു? ഈ ചിന്തകൾകൂടി ഉണ്ടാകുമ്പോഴാണ് ഈ വായന പൂർണമാകുന്നത്.

NB: എനിക്ക് അപരിചിതമായ പല പ്രയോഗങ്ങളും ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ചു കേസെടുക്കാവുന്നതാണ് എന്നറിഞ്ഞു കൊണ്ടുതന്നെയാണ് എഴുതിയിരിക്കുന്നത്. ശക്‌തമായ പ്രതിഷേധം അനിവാര്യമായ ഈ വിഷയത്തിൽ ഒഴുക്കൻ മട്ടിലുള്ള വരികൾ കൊണ്ട് പ്രകമ്പനം സൃഷ്‌ടിക്കാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ് പ്രയോഗങ്ങൾ.

Related Read: പോലീസ് ആക്‌ട് ഭേദഗതി സൈബറിടത്തില്‍ സ്‌ത്രീകളുടെ സുരക്ഷക്ക്, കുറവുകള്‍ പരിശോധിക്കും; എംഎ ബേബി

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

COMMENTS

  1. 118 A എന്താണെന്നും അതിൽ മറഞ്ഞിരിക്കുന്ന ചതിക്കുഴികൾ എന്തൊക്കെയെന്നും വളരെ വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്,അതോടൊപ്പം തന്നെ വളരെ നല്ല രീതിയിൽ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട് ഈ ലേഖനത്തിൽ 118A നിയമം പ്രതികരിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലേയുള്ള സർക്കാരിന്റെ കടന്നുകയറ്റവും, അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്

  2. ഈശ്വരമംഗലം..ഇപ്പഴാണ് ആ പഴയ ധീരനായ എഴുത്തുകാരൻ പുറത്ത് വന്നത്. അപ്പൊ കളിക്കാൻ ഉറച്ചു തന്നെയാണ് മലബാർ ന്യൂസ്. ചാനലും ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ. ആവശ്യം വരുമ്പോൾ വിളിക്കുക. 118എ യിൽ തടവ് 5 വർഷം ആണെന്ന് എവിടെയോ വായിച്ചു. ഒന്ന് വെരിഫൈ ചെയ്‌തേക്കു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE