ബംഗളൂര്: പത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ പിടികൂടി. ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പ (62) ആണ് അറസ്റ്റിലായത്. ദേവനഹള്ളിയിലെ വെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ദേവനഹള്ളിയിലെ മകളുടെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ.
ദേവനഹള്ളി ക്ഷേത്രത്തിലെ പൂജാരിയായ മരുമകന് മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നതിനാൽ ഇവിടുത്തെ ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കിനടത്താനാണ് ഇയാൾ ദേവനഹള്ളിയിൽ എത്തിയത്. വീടിന് സമീപം കളിക്കുകയായിരുന്ന അയൽവാസിയായ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കളിക്കാൻ പോയ മകളെ തിരിച്ചു കാണാതായപ്പോൾ മാതാപിതാക്കൾ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ഉൾപ്പടെ മകളെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ശേഷം തെരുവ് കച്ചവടക്കാരാണ് പൂജാരി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയെന്ന കാര്യം മാതാപിതാക്കളെ അറിയിച്ചത്. മാതാപിതാക്കൾ പൂജാരിയുടെ വീട്ടിൽ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വരികയായിരുന്നു.
ഇതോടെ സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടി. തുടർന്ന് ദേവനഹള്ളി പോലീസ് എത്തി പൂജാരിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Read also: ലവ് ജിഹാദിനെതിരെ ഹരിയാനയും; നിയമ നിർമാണ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു





































