ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് സ്‌ഥിതി കൂടുതല്‍ മോശകരമാകുന്നുവെന്ന് സുപ്രീംകോടതി. കടുത്ത നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വാക്‌സിനുകള്‍ തയാറാകുന്നത് വരെ പ്രതിരോധ നടപടികളില്‍ വീഴ്‌ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയം മറന്ന് സംസ്‌ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്‌ഥാനങ്ങള്‍ വീഴ്‌ച വരുത്തുന്നെന്ന് കോടതി നിരീക്ഷിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം പേരും മാസ്‌കുകള്‍ ധരിക്കുന്നില്ല. ചിലരാകട്ടെ താടിയിലാണ് മാസ്‌കുകള്‍ ധരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: കർഷകർ തീവ്രവാദികളല്ല; സ്‌റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി
നിലവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ എഴുപത് ശതമാനവും കേരളം ഉള്‍പ്പടെ പത്ത് സംസ്‌ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കി. രാജ്യത്ത് നിലവില്‍ ചികല്‍സയിലുള്ള കോവിഡ് രോഗികളില്‍ 14.7 ശതമാനം പേരും കേരളത്തില്‍ നിന്നാണെന്നും മഹാരാഷ്‍ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സയിലുള്ളത്(18.9%) എന്നും കേന്ദ്രം കോടതിയില്‍ വ്യക്‌തമാക്കി. രോഗവ്യാപനം തടയുന്നതിന് ഡെല്‍ഹി സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.