ന്യൂഡെൽഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. വിഷയം ചർച്ചയിലാണെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ഹരജി സുപ്രീം കോടതി ജൂലൈയിലേക് മാറ്റി.
തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 21ന് ഹരജി പരിഗണിക്കവെ, തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം വേണമോ എന്നതിൽ വിശദമായ നിലപാട് വ്യക്‌തമാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.
വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുകയാണെന്നും ചർച്ചകൾ നടന്നുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. 2017ൽ അഭിഭാഷകനായ ഋഷി മൽഹോത്രയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോൾ അന്തസ് നഷ്‌ടമാകും. അതിനാൽ, തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിക്കൊല്ലുന്ന രീതി നിർത്തലാക്കണമെന്നും പകരം വെടിവെച്ചു കൊല്ലുക, ഇഞ്ചക്ഷൻ നൽകിയുള്ള കൊല, ഇലക്‌ട്രിക് കസേര, ഗ്യാസ് ചേംബർ തുടങ്ങിയ ബദൽ വധശിക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നുമായിരുന്നു ആവശ്യം.
Most Read: ‘ദി കേരള സ്‌റ്റോറി’; സിനിമ കേരളത്തിന് എതിരല്ല- സംവിധായകൻ സുദീപ്‌തോ സെൻ