‘ദി കേരള സ്‌റ്റോറി’; സിനിമ കേരളത്തിന് എതിരല്ല- സംവിധായകൻ സുദീപ്‌തോ സെൻ

സിനിമ കേരളത്തിനോ, ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. മതപരിവർത്തനത്തിലൂടെ രാജ്യവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു നിൽക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും സുദീപ്‌തോ സെൻ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
The Kerala story Director Sudeepto zen
Ajwa Travels

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്‌തോ സെൻ. സിനിമ കേരളത്തിന് എതിരല്ലെന്ന് സുദീപ്‌തോ സെൻ പറഞ്ഞു. സിനിമ കേരളത്തിനോ, ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതക്ക് എതിരെ മാത്രമാണ് സിനിമയിൽ പരാമർശമെന്നും സുദീപ്‌തോ സെൻ പറഞ്ഞു.

സിനിമ മെയ് അഞ്ചിന് തിയേറ്ററുകളിൽ എത്താനിരിക്കെയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്. ‘സിനിമക്കായി ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ എടുത്തത്. സിനിമയിൽ ലൗ ജിഹാദ് എന്ന പരാമർശം ഇല്ലെന്നും’ സുദീപ്‌തോ സെൻ അഭിപ്രായപ്പെട്ടു.

മതപരിവർത്തനത്തിലൂടെ രാജ്യവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു നിൽക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സിനിമക്കായി ഏഴ് വർഷം ഗവേഷണം നടത്തി. സെൻസർ ബോർഡ് രണ്ടു മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും സുദീപ്‌തോ സെൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ‘ദി കേരള സ്‌റ്റോറി’ ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചത്.

എ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായുള്ള സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങൾ സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സിനിമക്ക് പ്രദർശനാനുമതി ലഭിച്ചതിന് പിന്നാലെ, ‘ദി കേരള സ്‌റ്റോറി’ ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് സംസ്‌ഥാന സർക്കാർ.

സിനിമക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ നിയമോപദേശം തേടിയത്. സിനിമക്ക് സംസ്‌ഥാനത്ത്‌ പ്രദർശനാനുമതി നിഷേധിക്കുന്നതടക്കം സർക്കാർ പരിഗണനയിൽ ഉണ്ട്. സിനിമ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടു നിർമിച്ചതാണെന്ന് മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംഘപരിവാർ നുണ ഫാക്‌ടറിയുടെ ഉൽപ്പന്നമാണ് ഈ സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തിരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, എന്നിവരും സുന്നി യുവജന സംഘടനയായ എസ്‌വൈഎസും നേരത്തെ ഈ സിനിമക്കെതിരെയുള്ള നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേർ സിനിമക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് കാണാതായ സ്‌ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ നിന്ന് ഇത്തരത്തിൽ 32,000 സ്‌ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

Most Read: വിവാഹ മോചനത്തിന് കാലതാമസം വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE