ന്യൂഡെൽഹി: വിവാഹ മോചനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ട കുടുംബങ്ങൾ വിവാഹ മോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കാമെന്ന് സുപ്രീം കോടതിയുടെ പരാമർശം.
പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറ് മാസത്തെ കാത്തിരിപ്പ് ആവശ്യമില്ല. തകർച്ച നേരിട്ട വിവാഹബന്ധങ്ങൾക്ക് ആർട്ടിക്കിൾ 142ആം വകുപ്പ് പ്രകാരം വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, സഞ്‌ജീവ് ഖന്ന, എഎസ് ഒക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ, സംരക്ഷണം തുടങ്ങിയവ തുല്യമായി വീതം വെയ്‌ക്കണമെന്നും കോടതി വ്യക്‌തമാക്കി.
ഹിന്ദു നിയമത്തിലെ സെക്ഷൻ 13ബി പ്രകാരം, പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ചു സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. പരസ്‌പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമ നടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനും കോടതി വ്യക്‌തമാക്കി.
Most Read: ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം