ന്യൂഡെൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസെടുക്കാൻ ആവില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. മുൻകാല ഉത്തരവ് കേന്ദ്ര സർക്കാരിനെ കേൾക്കാതെയാണ് പ്രഖ്യാപിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ജസ്‌റ്റിസുമാരായ മാർക്കണ്ഡേയ കട്‌ജു, ഗ്യാൻ സുധാ മിശ്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് 2011ൽ അംഗത്വം കുറ്റകരമല്ലെന്ന വിധി പ്രഖ്യാപിച്ചത്. തുടർന്ന്, 2014ൽ ജസ്‌റ്റിസുമാരായ ദീപക് മിശ്ര, എഎം സാപ്രെ എന്നിവരുടെ ബെഞ്ച് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നു. ഫെബ്രുവരി എട്ടിന് മൂന്നംഗ ബെഞ്ച് ചേർന്ന് വാദം വീണ്ടും കേട്ടതിനെ തുടർന്നാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജസ്‌റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ, സഞ്‌ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച്, നിരോധിത സംഘടനയിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ നിയമത്തിലെ സെക്ഷൻ 10 എ (1) വകുപ്പ് ശരിവെക്കുകയായിരുന്നു. വിധി പറഞ്ഞ രണ്ടംഗ ബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ആവശ്യപ്പെട്ടും ശിക്ഷയ്‌ക്കെതിരേയും നൽകിയ രണ്ടു വ്യത്യസ്‌ത ഹരജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നത്.
ഈ വിധി ഇന്ന് സുപ്രീം കോടതി റദ്ദാക്കി. നിലവിൽ, പോപ്പുലർ ഫ്രണ്ട് ഉൾപ്പടെ നിരോധിത സംഘടനകളിൽ അംഗത്വം തുടരുന്നതായി ആരോപണം നേരിടുന്നവർക്കെതിരെ പുതിയ വിധി പ്രകാരം യുഎപിഎ ചുമത്താം. മാവോയിസ്‌റ്റ് അനുകൂല നിലപാട് ചൂണ്ടിക്കാട്ടി പോലീസ് അറസ്‌റ്റ് ചെയ്യുന്നവരുടെ കാര്യത്തിലും വിധി വലിയ പ്രത്യാഘാതം ഉണ്ടാക്കും.
Most Read: രാഹുൽ ഗാന്ധിയുടെ അയോഗ്യത: പരാതിയിൽ നിയമോപദേശം തേടി സ്‍പീക്കർ