ന്യൂഡൽഹി: ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യതാ ഭീഷണി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മോദി സമുദായത്തെ അവഹേളിച്ചുവെന്ന കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടിയിരിക്കുകയാണ് സ്‍പീക്കർ ഓം ബിർള. ഗുജറാത്ത് സൂറത്ത് കോടതി ഉത്തരവ് സ്‌പീക്കർ വിലയിരുത്തും.
രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ കഴിഞ്ഞ ദിവസം സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പീക്കറുടെ നീക്കം. അതേസമയം, ഇന്ന് പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കോടതി വിധിയെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
സൂറത്ത് മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ കേസിലായിരുന്നു വിധി. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ രാഹുലിന് 30 ദിവസത്തെ ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്. സൂറത്തിലെ സിജെഎം കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തിട്ടില്ലെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുൽ പാർലമെന്റ് അംഗമെന്ന നിലയിൽ അയോഗ്യനാക്കപ്പെടുമെന്നാണ് നിയമ വിദഗ്‌ധർ പറയുന്നത്.
1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 8(3) പ്രകാരം ഒരു പാർലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിൽ കുറഞ്ഞത് രണ്ടു വർഷം എങ്കിലും ശിക്ഷിക്കപ്പെട്ടാൽ അവരുടെ എംപി സ്‌ഥാനം നഷ്‌ടമാകും. കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഏറെ തലവേദനയാണ്. സൂറത്ത് കോടതിയുടെ വിധി ഏതെങ്കിലും മേൽക്കോടതി റദ്ദാക്കിയില്ലെങ്കിൽ അടുത്ത എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള യോഗ്യതയും രാഹുൽ ഗാന്ധിക്ക് നഷ്‌ടമാകും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പ്രസംഗമാണ് കേസിനാദാരം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്ന് പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
2019 ഏപ്രിൽ 13ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് രാഹുൽഗാന്ധി പരാമർശം നടത്തിയത്. ”എല്ലാ കള്ളൻമാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്ന് പേരുവന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും”- രാഹുൽ ഗാന്ധി പറഞ്ഞു. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, മോദി മുതലാളിത്തമാണ് ഇഷ്‌ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
Most Read: കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഒരാഴ്‌ച സൂക്ഷ്‌മ നിരീക്ഷണം-ആരോഗ്യമന്ത്രി