തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത്. 5 ജില്ലകളില്‍ നിന്ന് 7,271 വാര്‍ഡുകളിലായി 24,582 സ്ഥാനാര്‍ഥികളാണ് മൽസരിക്കുന്നത്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. കോവിഡ് പശ്ചാത്തലം കണക്കിലെത്ത് കലാശക്കൊട്ട് ഒഴിവാക്കിയാണ് മുന്നണികൾ ഇന്നലെ വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
കലാശക്കൊട്ട് ഇല്ലെങ്കിലും പ്രചാരണത്തിന് ഒട്ടും കുറവു വരുത്താതെ നേതാക്കളും സ്ഥാനാര്‍ഥികളും റോഡ് ഷോയില്‍ അണിനിരന്നിരുന്നു. എന്നിരുന്നാലും കലാശക്കൊട്ടിന്റെ പരമ്പരാഗത കേന്ദ്രങ്ങളായ തിരുവനന്തപുരത്തെ പേരൂര്‍ക്കട, കൊല്ലം ചിന്നക്കട തുടങ്ങിയവയെല്ലാം കോവിഡ് ജാഗ്രതയില്‍ ഒഴിഞ്ഞു കിടന്നു.
തുറന്ന ജീപ്പിലും ബൈക്കിലുമായി ആണ് സ്ഥാനാര്‍ഥികള്‍ റോഡ് ഷോ നടത്തിയത്. കോവിഡ് മാനദണ്ഡം തെറ്റിച്ചാല്‍ കേസെടുക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നതിനാല് ആള്‍ക്കൂട്ട പ്രകടനങ്ങളും മറ്റും ഉണ്ടായിരുന്നില്ല.
കോവിഡ് രോഗബാധയുള്ളവര്‍ക്കും, ക്വാറന്റെയ്നില്‍ കഴിയുന്നവര്‍ക്കും സ്പെഷ്യൽ തപാൽ വോട്ട് അനുവദിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞ് രോഗ ബാധിതരാകുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം പോളിംഗ് ബൂത്തിലെത്തി വോട്ടുകള്‍ രേഖപ്പെടുത്താം. ഇവര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണം. കൂടാതെ ഈ സമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും, ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
National News: കര്‍ഷക സമരം; ശരദ് പവാര്‍ രാഷ്ട്രപതിയെ കാണും








































