കോഴിക്കോട്: കെഎം ഷാജി എംഎൽഎക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവുമായ എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്തു. കോഴിക്കോട്ടെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് മുനീറിന്റെ ഭാര്യയും ചേർന്നാണെന്നുള്ള പരാതിയിൽ നടത്തിയ ഇഡി അന്വേഷണത്തിന്റെ വിവരങ്ങൾ ചോദിച്ചറിയാനാണ് ഇവരെ വിളിപ്പിച്ചത്. കെഎം ഷാജിക്കെതിരെ നടക്കുന്ന അന്വേഷണത്തിനിടെയാണ് എംകെ മുനീറിനെതിരെയും പരാതി ഉയർന്നത്. എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എൻ എൽ നേതാവ് അബ്ദുൽ അസീസാണ് പരാതി നൽകിയത്. വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
Also Read: രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു
സ്ഥലം രജിസ്റ്റർ ചെയ്തത് ഇരുവരുടെയും ഭാര്യമാരുടെ പേരിലാണെന്ന് അസീസിന്റെ പരാതിയിൽ പറയുന്നു 1.02 കോടി രൂപക്കാണ് 92 സെന്റ് സ്ഥലം വാങ്ങിയതെന്നും എന്നാൽ ആധാരത്തിൽ 37 ലക്ഷം രൂപ മാത്രമാണ് കാണിച്ചതെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.







































