കോഴിക്കോട്: കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സിഐടിയു (CENTRE OF INDIAN TRADE UNIONS) സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. മോദി സർക്കാർ ഇപ്പോൾ നേരിടുന്നത് അവരുടെ ഭരണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അന്തിമ വിജയം കർഷകർക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന കർഷക ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദായനികുതി ഓഫീസിന് മുമ്പിൽ നടത്തിയ യോഗം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർ സമരത്തിനിറങ്ങിയത് ജീവിതം വഴി മുട്ടിയപ്പോഴാണ്. കേന്ദ്രസർക്കാരിന്റെ നിയമം ധാന്യസംഭരണം, വിപണനം, കൃഷിരീതി എന്നിവയിൽ കർഷകരെ ചൂഷണം ചെയ്യാൻ കുത്തകകൾക്ക് അവസരം നൽകുന്നതാണ്. കരാർ കൃഷി വ്യാപകമാകുമ്പോൾ എന്ത് കൃഷി ചെയ്യണമെന്ന് സ്വകാര്യ കുത്തക മുതലാളിമാർ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകും. തീരെ കുറഞ്ഞ വിലക്ക് കാർഷികോൽപന്നങ്ങൾ സംഭരിച്ച് വലിയ വിലക്ക് വിൽക്കാൻ കുത്തകകൾക്ക് കളമൊരുക്കുകയാണ് കേന്ദ്രം. കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കേരളത്തിലും ഹർത്താൽ നടത്തേണ്ടി വരും- എളമരം കരീം പറഞ്ഞു.
Also Read: ലൈഫ് മിഷൻ ; അന്വേഷണം സ്‌റ്റേ ചെയ്‌തതിന് എതിരെ സിബിഐ ഹൈക്കോടതിയിൽ
യോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ഇസി സതീശൻ, പികെ സന്തോഷ്, എംപി പത്‌മനാഭൻ, എം രാജൻ, എംപി സൂര്യനാരായണൻ, ഗഫൂർ പുതിയങ്ങാടി എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.






































