കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കിട്ടി മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂട്ടാക്കാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. ഹാജരാകാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഇഡിക്ക് കത്തയച്ചു. രണ്ടാഴ്ച സാവകാശം വേണമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച സന്ദേശത്തിൽ പറയുന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിൽസയിൽ കഴിയുകയാണെന്നും കത്തിൽ പറയുന്നു. ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇത്തരം രോഗങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും ഇഡിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിനൊപ്പം നൽകിയിട്ടുണ്ട്.
Also Read: കെഎം മാണിയെ ചതിച്ചവർക്ക് ജനം വോട്ടിലൂടെ മറുപടി നൽകും; ജോസ് കെ മാണി
ഇഡി നേരത്തെ നൽകിയ നോട്ടീസിൽ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണൽ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശിച്ചിരുന്നത്. നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ കത്ത് നൽകിയതും മെഡിക്കൽ കോളേജിൽ ചികിൽസയിൽ പ്രവേശിച്ചതും.
ചോദ്യങ്ങളോട് സഹകരിക്കാത്ത മനോഭാവമാണ് രവീന്ദ്രൻ സ്വീകരിക്കുന്നതെന്നാണ് ഇഡിയുടെ വിലയിരുത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ രവീന്ദ്രന്റെ കത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്.







































