കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് ഗവർണർ ഇക്കാര്യങ്ങൾ വിശദമാക്കിയത്. കഴിഞ്ഞ ദിവസം നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമായിരുന്നെന്നും ആക്രമണത്തിന് പിന്നിലുള്ളവർ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നവർ ആണെന്നും അദ്ദേഹം പറഞ്ഞു. വളരെ കാലങ്ങളായി സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണ്. ഇതിനെകുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.
അതേസമയം, ബിജെപി നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം നാടകമാണെന്നും നേതൃത്വത്തിന്റെ അറിവോടെയാണ് സംഭവം നടന്നതെന്നും മമത ബാനർജി പ്രതികരിച്ചു. യോഗങ്ങൾക്ക് ആളെ കിട്ടാതെ വരുമ്പോൾ ഇത്തരം നാടകം കളിക്കാൻ പ്രവർത്തകരോട് ബിജെപി നേതൃത്വം ആവശ്യപ്പെടുന്നതാണെന്നും മമത പരിഹസിച്ചു.
ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, നേതാക്കളായ മുകുള്‍ റോയ്, ദിലീപ് ഘോഷ്, കൈലാഷ് വിജയ്വര്ഗിയ എന്നിവരുടെ വാഹന വ്യൂഹത്തിനു നേരെ സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പല വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
Also Read: ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി