കല്പറ്റ: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ പപ്പട വിപണിയിൽ ഓണക്കാലമെത്തിയതോടെ ഉണർവ്. ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭമായതിനാൽ പപ്പടത്തിന് ഓണക്കാലത്ത് നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് പപ്പട നിർമ്മാതാക്കൾ. കുടിൽ വ്യവസായമായും അല്ലാതെയും പപ്പടം ഉണ്ടാക്കുന്നവക്ക് തിരക്കേറിയിരിക്കുകയാണ്.
കോവിഡിന്റെ വരവ് മറ്റു മേഖലകളെപ്പോലെ പപ്പട വിപണിയേയും പ്രതികൂലമായി ബാധിച്ചിരുന്നു. വിവാഹം, ഉത്സവം, മറ്റ് ആഘോഷങ്ങൾ എന്നീ അവസരങ്ങളിൽ പപ്പട വിപണി സജീവമാകാറുണ്ട്. എന്നാൽ, ഈ വർഷം കോവിഡ് വന്നതോടെ വിവാഹങ്ങളും ഉത്സവങ്ങളുമടക്കം മാറ്റിവച്ചതും വലിയ തോതിൽ സദ്യ ഒരുക്കുന്ന അവസരങ്ങൾ ഇല്ലാതായതും പപ്പട നിർമ്മാതാക്കളെയും വില്പനക്കാരെയും സാരമായി ബാധിച്ചു. പപ്പട നിർമ്മാണ സാമഗ്രികൾ ലഭിക്കാനുള്ള ബുദ്ധിമുട്ടും കമ്പനികൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതും മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. സംസ്ഥാന വ്യാപകമായ ലോക്ഡൗൺ പിൻവലിച്ചെങ്കിലും പ്രാദേശിക നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും ഓണക്കാലത്ത് നേരിയ തോതിലെങ്കിലും വിപണിയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പപ്പട നിർമ്മാതാക്കൾ.







































