മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പെട്ടെന്ന് പണം ലഭിക്കുവാൻ വേണ്ടി തേടി പോകുന്ന ഒരു വഴിയാണ് ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾ. യുവാക്കളാണ് കൂടുതലായും ഇത്തരം അനധികൃത ആപ്പുകളെ ആശ്രയിക്കുന്നത്. അത്യാവശ്യത്തിന് ഒരാഴ്‌ചക്കോ മറ്റോ ആപ്പ് വഴി പണം തരപ്പെടുത്തുന്നവർ ഇതിന് പിന്നിൽ പതിയിരിക്കുന്ന ചതിക്കുഴികൾ അറിയുന്നില്ല.
നിരവധി ആളുകളാണ് ഇത്തരത്തിലുള്ള വായ്‌പാ ആപ്പുകളുടെ കെണിയിൽ വീഴുന്നത്. കടക്കെണിയും മാനഹാനിയും താങ്ങാനാവാതെ ആത്‍മഹത്യ ചെയ്യുന്നവരുടെ എണ്ണവും പെരുകുകയാണ്. ആപ്പ് വഴി വായ്‌പ ലഭിക്കും എന്ന് സുഹൃത്തിൽ നിന്നറിഞ്ഞാണ് ഹൈദരാബാദിലെ 30കാരനായ ഒരു യുവാവ് ലോണെടുത്ത്. ലോക്ക്ഡൗണിൽ ജോലി നഷ്‌ടപ്പെട്ട ഇദ്ദേഹം വായ്‌പയെടുത്ത പണം തിരിച്ചടക്കാനാവാതെ കുഴങ്ങി. തിരിച്ചടവ് മുടങ്ങിയതോടെ ഫോണിലേക്ക് ഏജന്റുമാരുടെ വിളിയെത്തി. നിരന്തരം സന്ദേശങ്ങളും ഭീഷണിയും. യുവാവിന്റെ കോൾ ലിസ്‌റ്റിലുള്ള ആളുകളെയും ഏജന്റുമാർ വിളിച്ച് ശല്യപ്പെടുത്തി. ഇതോടെ യുവാവ് ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബെംഗളൂരുവിലെ ഒരു വീട്ടമ്മക്കും സമാനമായ അവസ്‌ഥ തന്നെയാണ് ഉണ്ടായത്. ഒടുവിൽ അവർ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. അധികം രേഖകളോ നൂലാമാലകളോ ഓൺലൈൻ വായ്‌പാ ആപ്പുകൾ ആവശ്യപ്പെടുന്നില്ല. അതിനാൽ തന്നെ പെട്ടെന്ന് പണം കിട്ടാൻ പലരും ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നു. തൽസമയ ലോൺ ആപ്പുകൾ വഴിയുള്ള വായ്‌പാ വിതരണത്തിനെതിരെ സൈബർ പോലീസ് രംഗത്തുണ്ടെങ്കിലും നിരവധി ആളുകൾ നിരന്തരം ഇവരുടെ കെണിയിൽ അകപ്പെടുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നിന്നും ഗുരുഗ്രാമിൽ നിന്നും കഴിഞ്ഞ ദിവസം 19 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ചൈനീസ് റാക്കറ്റ് ആപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പോലും സംശയിക്കപ്പെടുന്നു. 30 ആപ്പുകളെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1.5 കോടിയിലേറെ നിക്ഷേപമുള്ള ഈ ആപ്പുകളുടെ 18 അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ആദായ നികുതി വകുപ്പും ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങുമെന്നാണ് വിവരം.
Also Read: കര്‍ഷക പ്രക്ഷോഭം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ; കർഷക ദിനത്തിൽ രാജ്നാഥ് സിംഗ്
രാജ്യത്തെ മെട്രോ സിറ്റികളിലാണ് ആപ്പുകൾ കൂടുതൽ പ്രചാരത്തിലുള്ളത്. നിലവിൽ ആയിരക്കണക്കിന് ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉടനടി വായ്‌പ ലഭിക്കുന്നതിനാൽ ആപ്പുകൾക്ക് ആവശ്യക്കാരേറെയാണ്. ആധാർ കാർഡ്, പാൻകാർഡ്, ഒരു ഫോട്ടോ ഇത്രയും രേഖകൾ ആപ്പിൾ അപ്‌ലോഡ് ചെയ്യേണ്ട താമസം മാത്രം. ഫോട്ടോ ഗ്യാലറിയിലേക്കും കോണ്ടാക്‌ട് ലിസ്‌റ്റിലേക്കും ആക്‌സസ് ചോദിക്കും. അത്യാവശ്യക്കാർ ഇതൊന്നും ശ്രദ്ധിക്കാതെ അനുമതിയും നൽകും.
ഒരു തവണ തിരിച്ചടവ് മുടങ്ങിയാൽ കോണ്ടാക്‌ട് ലിസ്‌റ്റിലുള്ള നമ്പറുകളിൽ ഏജന്റുമാർ സന്ദേശങ്ങൾ അയക്കും. വായ്‌പയെടുത്തയാളിന് മാനഹാനി വരുത്തുന്ന സന്ദേശങ്ങളാണ് ഇവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുക. വായ്‌പ എടുത്തയാളിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുക എന്നതാണ് ഇത്തരം ഏജന്റുമാരുടെ പ്രധാന തന്ത്രം. സന്ദേശങ്ങൾ ഫലിക്കാതെ വന്നാൽ പിന്നീട് ഫോണിൽ വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങും. ഇങ്ങനെ ആളുകൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയും പിന്നീടത് ആത്‌മഹത്യയിലേക്ക് നയിക്കുകയും ചെയ്യും.
ദിവസം കണക്കാക്കിയാണ് വായ്‌പക്ക് പലിശ ഈടാക്കുക. ഒരു ദിവസം 0.1 ശതമാനമാണ് പലിശ. വാർഷിക നിരക്കിൽ കണക്കാക്കിയാൽ ഇത് 36 ശതമാനത്തോളം വരും. ഇത്തരം ആപ്പുകൾ ചില ബാങ്കിതര ധനകാര്യ സ്‌ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിത്. ആരുടേയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള ഇടപാടുകൾ നടക്കുന്നത്.
National News: മുഴുവൻ പരിപാടികളും പരിശോധിച്ചാൽ അർണബ് വളരെ വേഗം പാപ്പരാകും; പ്രശാന്ത് ഭൂഷൺ







































