ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറും. നവംബർ 25 വെള്ളിയാഴ്ചയാണ് ചടങ്ങ് നടക്കുക. പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി ആശയവിനിമയം നടത്തും.
9 കോടി കർഷകരുടെ കുടുംബങ്ങൾക്ക് 18,000 കോടി രൂപയാണ് കൈമാറുക. ഉച്ചക്ക് 12 മണിക്ക് വിർച്വൽ ആയി നടക്കുന്ന ചടങ്ങ് തൽസമയം സംപ്രേഷണം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓൺലൈൻ ചടങ്ങിൽ പങ്കെടുക്കുന്നതിന് രണ്ട് കോടി കർഷകരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ കർഷകർക്ക് വേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികൾ, പിഎം കിസാൻ പദ്ധതി എന്നിവയെ കുറിച്ച് കർഷകർ ചടങ്ങിൽ സംസാരിക്കും.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ വിവിധ പരിഷ്കാരങ്ങൾ കൊണ്ടുവന്നെന്നും ഇനിയും പല കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും തോമർ അറിയിച്ചു. കൂടുതൽ പരിഷ്കരണ നടപടികൾ ഭാവിയിൽ കൊണ്ടുവരുമെന്നും പിഎം കിസാൻ പദ്ധതിയെ പറ്റി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ കർഷകരെ കിസാൻ ക്രെഡിറ്റ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് ബാങ്കുകളെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ വിവിധ പദ്ധതികളിലൂടെ കർഷകരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും അവർക്ക് ആനുകൂല്യങ്ങളും മികച്ച വിലയും ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.








































