മലപ്പുറം: സംസ്‌ഥാനത്തെ റെയിൽവേ കാര്യാലയങ്ങളിലേക്കും പോലീസ് ആസ്‌ഥാനത്തേക്കും ഫോണിൽ വിളിച്ച് ട്രെയിനിന് തീവെക്കും എന്നതുൾപ്പടെ വ്യാജ സന്ദേശങ്ങൾ നൽകിയ കേസിലെ പ്രതി പിടിയിൽ. തിരുവാലി പാതിരിക്കോട് കാട്ടുമുണ്ട അബ്‌ദുൽ മുനീർ (32) ആണ് അറസ്‌റ്റിലായത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
2019 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. തിരുവനന്തപുരം പോലീസ് ആസ്‌ഥാനത്തെ അത്യാവശ്യ സേവന നമ്പറിൽ വിളിച്ചു മംഗള എക്സ്പ്രസ് ട്രെയിനിനു തീവെക്കാൻ 4 പേർ പദ്ധതിയിടുന്നുവെന്ന സന്ദേശമാണ് നൽകിയത്. റെയിൽവേ, അഗ്‌നിരക്ഷാ കാര്യാലയങ്ങളിലേക്ക് വിളിച്ചും സമാന സന്ദേശം നൽകിയിരുന്നു. വിശദമായ പരിശോധനക്കു ശേഷം സന്ദേശം വ്യാജമാണെന്നു തെളിഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിൽ യുവാവിനെക്കുറിച്ചു സൂചന ലഭിച്ചെങ്കിലും ആളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
പോലീസ് സ്‌റ്റേഷനുകൾ ഉൾപ്പടെ വിവിധ കാര്യാലയങ്ങളിൽ വിളിച്ച് വ്യാജസന്ദേശം നൽകുന്നത് പതിവാക്കുകയും സ്‌ത്രീകളെ വിളിച്ചു അശ്‌ളീല സംഭാഷണം നടത്തുകയും ചെയ്‌തതോടെ അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണു അബ്‌ദുൽ മുനീർ പിടിയിലായത്. സ്‌ത്രീകളെ ഫോണിൽ വിളിച്ചു ശല്യം ചെയ്‌തതിന് ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
നഗരങ്ങളിൽ നിന്ന് വീണു കിട്ടുന്ന സിം കാർഡുകൾ ഉപയോഗിച്ചാണു ഇയാൾ വ്യാജ സന്ദേശം നൽകിയിരുന്നതെന്നു പോലീസ് പറഞ്ഞു. പോലീസ് ഇൻസ്‌പെക്‌ടർ സുനിൽ പുളിക്കൽ, എസ്ഐ കെരവി, എസ്‌സിപിഒമാരായ കെ ഉണ്ണികൃഷ്‌ണൻ, പ്രത്യേക അന്വേഷണ സംഘത്തിലെ ഇജി പ്രദീപ്, കൃഷ്‌ണകുമാർ, ജഗദീഷ്, സവാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Malabar News: ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍






































