ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിനിടയില്‍ ഒരു പ്രാവിശ്യമെങ്കിലും ഒടിപി(വണ്‍ ടൈം പാസ്‌വേഡ്)ക്കായി കാത്തിരുന്ന് മടുത്തിട്ടില്ലാത്തവര്‍ ചുരുക്കമാണ്. ചിലപ്പോഴെങ്കിലും ഇത് കാരണം ഇടപാട് പൂര്‍ത്തിയാക്കാതെ പാതി വഴിയില്‍ നിര്‍ത്തി പോയിട്ടുമുണ്ട് നമ്മള്‍. നിലവിലെ സംവിധാനം അനുസരിച്ച് ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടിനും മറ്റ് ഇടപാടുകള്‍ക്കും ഒടിപി നിര്‍ബന്ധമാണ്. ഉപയോക്‌താവിന്റെ ഫോണിലെത്തുന്ന നാലു മുതല്‍ ആറു വരെ അക്കങ്ങളുള്ള ഒടിപി ഇല്ലാതെ ഒരു ഇടപാടുകളും ഓണ്‍ലൈനില്‍ നടത്തുവാന്‍ സാധിക്കില്ല. എന്നാല്‍, ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാന്‍ തയാറെടുക്കുകയാണ് ടെലികോം കമ്പനികള്‍.
ഒടിപി എത്താന്‍ വൈകുന്നതും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഒടിപി തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങി ടെലികോം കമ്പനികള്‍. വ്യക്‌തിയെ തിരിച്ചറിയാന്‍ ഒടിപിക്ക് പകരം മൊബൈല്‍ നമ്പര്‍ മാത്രം മതിയെന്ന രീതി സ്വീകരിക്കാനാണ് ടെലികോം കമ്പനികള്‍ തയാറാകുന്നത്. ഇതിനായി വ്യക്‌തിക്ക് ഒരു മൊബൈല്‍ ഐഡന്റിറ്റി നല്‍കാന്‍ പോകുകയാണ് ടെലികോം കമ്പനികള്‍. ഇതിലൂടെ സുരക്ഷിതമായ പണമിടപാടും മറ്റും നടത്താന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.
ഇതിനു മറ്റുചില ഗുണങ്ങളും ഉണ്ട്. ഉദാഹരണത്തിന് സിം മിററിങ് രീതി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് അത്തരം ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും കടന്നുകയറാനുള്ള ശ്രമം ഇതുവഴി പ്രതിരോധിക്കാന്‍ സാധിച്ചേക്കും. സര്‍ക്കാര്‍ അധികാരികളുടെ അംഗീകാരം ലഭിച്ചാല്‍ പുതിയ പദ്ധതി 2021 ആദ്യത്തില്‍ തന്നെ നടപ്പിലാക്കിയേക്കും. നിലവില്‍ ഇതിന്റെ ടെസ്‌റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ഇടപാടുകള്‍ക്കായി രണ്ടു- ഘട്ട സുരക്ഷാ നടപടികളിലൂടെ കടന്നുപോകണം. ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം ഒടിപി വരാന്‍ കാത്തിരിക്കുകയും അത് എന്റര്‍ ചെയ്യുകയും വേണം. തുടര്‍ന്നും അതേ നടപടിക്രമങ്ങള്‍ തന്നെയാണ് ഉണ്ടാകുക. ഫോണ്‍ വെരിഫിക്കേഷന്‍ നടക്കും. എന്നാല്‍ ഒടിപിക്ക് കാത്തു നില്‍ക്കുകയോ അത് എന്റര്‍ ചെയ്യേണ്ടതായോ വരില്ലെന്നു മാത്രം. പദ്ധതി നടപ്പിലായി കഴിഞ്ഞാല്‍ അധികം താമസിയാതെ ഒടിപിയുടെ ആവശ്യമില്ലെന്ന് ഉപയോക്‌താക്കള്‍ക്ക് മനസ്സിലാകുകയും പുതിയ രീതിയോട് ഒത്തുപോകുകയും ചെയ്യുമെന്നാണ് കരുതുന്നത്.
Also Read: ദമ്പതികളുടെ മരണം; അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്‌പിക്ക്









































