ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് വാക്സിന് വിതരണത്തിനു തുടക്കമാകും.
വാക്സിന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്ന് യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ ഫലത്തില്‍ വ്യക്തമായിരുന്നു.
വാക്സിന് വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാന്‍ രാജ്യമാകെ നാളെ ‘ഡ്രൈ റണ്‍’ റിഹേഴ്സല്‍ ആരംഭിക്കാനിരിക്കെയാണ് വാക്സിന് ഉപയോഗത്തിന് സമിതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്.
നിലവില്‍ സംസ്ഥാന തലസ്ഥാനങ്ങളിലെ 3 വിതരണ കേന്ദ്രങ്ങളിലെങ്കിലും പരീക്ഷണം നടത്താനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ വിതരണ കേന്ദ്രത്തിന്റെയും ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ 25 ആരോഗ്യ പ്രവര്‍ത്തകരെ ഡ്രൈ റണ്ണിനായി കണ്ടെത്തണം. ഇവരുടെ വിവരങ്ങള്‍ കോവിന്‍ ആപ്ളിക്കേഷനില്‍ നല്‍കുകയും വേണം. വിതരണ കേന്ദ്രത്തിലേക്ക് ഇവര്‍ നേരിട്ടെത്തി ഡമ്മി വാക്സിന് സ്വീകരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ആപ്ളിക്കേഷനില്‍ രേഖപ്പെടുത്തും.
കേരളവും മഹാരാഷ്ട്രയും തലസ്ഥാന ജില്ലക്ക് പുറത്തുള്ള നഗരങ്ങളിലാകും ഡ്രൈ റണ്‍ നടത്താന്‍ സാധ്യതയെന്നു കേന്ദ്രം അറിയിച്ചു. വാക്സിന് വിതരണത്തിനായുള്ള മുഴുവന്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. മാത്രവുമല്ല പ്രതിരോധ കുത്തിവെപ്പില്‍ ഏറെ നിര്‍ണായകമായ കോവിന്‍ ആപ്പിന്റെയും ഡിജിറ്റല്‍ പ്ളാറ്റ്ഫോമിന്റെയും പ്രവര്‍ത്തനം സംസ്ഥാനങ്ങള്‍ക്കു വിലയിരുത്താനുള്ള അവസരം കൂടിയാകും ഇത്.
Read Also: റിപ്പബ്ളിക് ദിന പരേഡില്‍ ഇടംപിടിച്ച് കേരളത്തിന്റെ നിശ്ചല ദൃശ്യവും
കേന്ദ്രം മുന്നോട്ട് വെച്ച മാര്‍ഗനിര്‍ദേശം പോലെ കാത്തിരിപ്പു മുറി, വാക്സിന് വിതരണ മുറി, നിരീക്ഷണ മുറി എന്നിവയടക്കം ഉറപ്പാക്കണം. പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം കവാടങ്ങളായിരിക്കും. കൂടാതെ വാക്സിന് കുത്തിവെപ്പ് നടത്താന്‍ രാജ്യത്താകെ 96,000 വാക്സിനേറ്റര്‍മാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. വാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 104 എന്ന നമ്പരിലും കോവിഡ് ഹെല്പ്ലൈന് നമ്പരായ 1075ലും ആളുകള്‍ക്ക് ബന്ധപ്പെടാം.
മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഓഗസ്റ്റിനു മുന്‍പായി വാക്സിന് നല്‍കാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ (ആശ വര്‍ക്കര്‍മാര്‍ മുതല്‍ ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ) 2 കോടി ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പടെ മുനിസിപ്പല്‍ ജീവനക്കാര്‍, പൊലീസ്, ഹോം ഗാര്‍ഡ്, മറ്റു സേനാവിഭാഗങ്ങള്‍. 26 കോടി 50 വയസ്സിനു മുകളിലുള്ളവര്‍, ഒരു കോടി 50 വയസ്സിനു താഴെയുള്ള, മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുക. വിലയുടെ കാര്യത്തില്‍ ഇതുവരെയും സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്കു വാക്സിന് സൗജന്യമായിരിക്കും.
Read Also: സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റ്; ചെന്നിത്തലയെ തള്ളി പിജെ കുര്യൻ







































