തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസിലെ ഹൈക്കോടതി വിധി സംസ്‌ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഎ അന്വേഷിക്കരുതെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെ പിണറായി സര്‍ക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ആരോപണത്തിന്റെ മുന ഒടിഞ്ഞുവെന്ന് പറഞ്ഞ സുരേന്ദ്രന്‍ ദേശീയ ഏജന്‍സികള്‍ക്കെതിരായി സമരം ചെയ്‌തതുപോലെ ഇനി ഹൈക്കോടതിക്കെതിരേയും സിപിഎം സമരം ചെയ്യുമോയെന്നും പരിഹസിച്ചു.
മാത്രവുമല്ല വിദേശ പണകൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചതു സര്‍ക്കാരിനു കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാരും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹരജിയാണ് ഇന്ന് കോടതി തള്ളിയത്.
അതേസമയം ലൈഫ് മിഷന്‍ സിഇഒക്കെതിരായ അന്വേഷണത്തിനു സര്‍ക്കാര്‍ തടയിടാന്‍ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്കു വരുമെന്ന ഭയം കാരണമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്‌ടോബറില്‍ രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്‌തിരുന്നു. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിട്ടുണ്ട്.
സംസ്‌ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയതോടെ മൂടിവച്ച സത്യങ്ങള്‍ പുറത്തുവരിക തന്നെ ചെയ്യുമെന്നും വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Read Also: സിദ്ദീഖ് കാപ്പന്റെ മോചനം; സംസ്‌ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് മുഖ്യമന്ത്രി









































