തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹത്രസിലേക്ക് പോകവേ യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പി ഉബൈദുല്ല എംഎൽഎയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ നിയമനടപടികൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് പി ഉബൈദുല്ല എംഎൽഎ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകൻ അനുഭവിക്കുന്ന ദുരിതമാണ് ഉബൈദുല്ല ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതികൾ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമനടപടികൾക്ക് ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ടവർ എത്തിച്ച് കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ റെയ്ഹാനത്ത് നേരത്തെ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ കുടുംബം ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റ് പടിക്കലിൽ ധർണ നടത്തുന്നുണ്ട്.
ഒക്‌ടോബർ 5ന് ഹത്രസിലേക്ക് പോകവെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്. മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നൽകിയ നിവേദനത്തിൽ മറ്റൊരു സംസ്‌ഥാനത്തിലെ കേസായതിനാൽ ഇടപെടാൻ കഴിയില്ലെന്ന മറുപടിയാണ് എഡിജിപി നൽകിയിരുന്നത്.
Read also: വെൽഫെയറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി