പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് തുടക്കമായി. കേസില്‍ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്‌സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപെട്ടു.
ഒന്നും രണ്ടും നാലും പ്രതികളായ വി മധു, ഷിബു, എം മധു എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയും ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി പരിഗണിക്കും. മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്‍മഹത്യ ചെയ്‌തിരുന്നു.
പാലക്കാട് ഫസ്‌റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടെങ്കിലും ഹൈക്കോടതി കേസ് പുനര്‍വിചാരണ നടത്താന്‍ വിചാരണ കോടതിക്ക് ഉത്തരവ് നല്‍കി. ഈ ഉത്തരവനുസരിച്ചാണ് ഇന്ന് പ്രതികളെ പൊലീസ് വിചാരണ കോടതിയില്‍ ഹാജരാക്കിയത്.
പുതിയ അന്വേഷണ സംഘത്തെ പെണ്‍കുട്ടികളുടെ കുടുംബം സ്വാഗതം ചെയ്‌തു. ഡിവൈഎസ് പി സോജനെ അന്വേഷത്തില്‍ നിന്നും നീക്കിയതിലും സന്തോഷവും പ്രകടിപ്പിച്ചു. സോജന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. 2017 ജനുവരിയിലാണ് 12ഉം 9ഉം വയസുള്ള പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read also: രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില്‍ എത്തി







































