ന്യൂഡെല്‍ഹി: കോവിഡ് വാക്സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങളെന്ന് വിവരം. ഇന്ത്യയില്‍ നിര്‍മിച്ച വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ മുതിര്‍ന്നവരിലും ആരോഗ്യ പ്രവര്‍ത്തകരിലും കഴിഞ്ഞ ശനിയാഴ്ച മുതല്‍ കുത്തിവെക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് നിസാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ഇതാണ് മറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനിലേക്ക് ആകര്‍ഷിക്കപ്പെടുവാന്‍ കാരണം.
ഭൂട്ടാന്, മാലിദ്വീപ് , നേപ്പാള്‍, ബംഗ്ളാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് ഇതിനോടകം ഇന്ത്യ വാക്സിന് നല്‍കിക്കഴിഞ്ഞു. മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിനുകള്‍ വെള്ളിയാഴ്ച അവിടെയെത്തും. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിന് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കില്‍ പാകിസ്താനും ചൈനക്കും വാക്സിന് നല്‍കാനും ഇന്ത്യ തയാറാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്സിന് ഡോസുകള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ളിക് പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ കോവിഡ് വാക്സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
കോവിഡ് വാക്സിന്റെ 20 ലക്ഷം ഡോസുകളുമായാവും പ്രത്യേക വിമാനം ബ്രസീലിലേക്ക് തിരിച്ചു പോകുക. 50 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ കൈമാറുന്നതിനാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
Read Also: സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 5 മരണം








































