തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് കൈമാറിയതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢലക്ഷ്യമാണ്.
പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും; ചെന്നിത്തല പറഞ്ഞു.
2018 ഒക്‌ടോബറിലാണ് ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്ക് എതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസെടുത്തത്. തുടർന്ന് മുൻ മന്ത്രിമാരായ എപി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്ക് എതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്‌റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
നിലവിൽ 6 കേസുകളിലും പ്രത്യേക അന്വേഷണം നടന്നുവരികയാണ്. പീഡനക്കേസുകൾ സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജനുവരി 20നാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം സ്വീകരിച്ചു. ഇതിൽ വിജ്‌ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് കൈമാറും.
Read also: ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു







































