പാലക്കാട് : ജില്ലയിൽ കഞ്ചിക്കോട് വ്യവസായ മേഖലക്ക് സമീപം 100 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും, ലഹരി വസ്‌തുക്കളും പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചിക്കോട് സ്‌ഥിരതാമസക്കാരനായ ബീഹാർ സ്വദേശിയായ രമേശ് കുമാർ ചൗരസ്യ(30)യെ എക്‌സൈസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു.
അറസ്‌റ്റിലായ പ്രതിയുടെ കടക്കുള്ളിൽ കുഴിച്ചിട്ട നിലയിലാണ് ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഉൽപ്പന്നങ്ങൾ അതിഥി തൊഴിലാളികളേയും, സ്‌കൂൾ വിദ്യാർഥികളെയും ലക്ഷ്യം വച്ചാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. മിഠായികളുടെ രൂപത്തിൽ ലഹരി വസ്‌തുക്കളും, കഞ്ചാവും ചേർത്ത് നിർമ്മിച്ച വസ്‌തുക്കൾ പരിശോധനക്കായി അയക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്‌റ്റൻഡ് കമ്മിഷണർ എ രമേശിന്റെയും എഇസി സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ കെഎസ് പ്രശോഭിന്റെയും നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, എസ് മൻസൂർ അലി, സിഇഒമാരായ ബി ഷൈബു, കെ ജ്‌ഞാനകുകുമാർ, കെ അഭിലാഷ്, എം അഷറഫലി, എ ബിജു, കെജെ ലൂക്കോസ്, കൃഷ്‌ണകുമാരൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Read also : കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം







































