തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട സർക്കാർ നയം കോടതി വിധിയാണെന്ന് വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. വിധി വന്ന ശേഷം അത് ജനങ്ങളുമായി ചർച്ച ചെയ്യും. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തിക്കാട്ടി ജനങ്ങളെ സ്വാധീനിക്കാൻ കോൺഗ്രസ് നടത്തിയ പരാജയപ്പെട്ട ശ്രമം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രയോഗിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു. മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം സംസാരിക്കുന്നതെന്നും, അതിലൂടെ വോട്ട് നേടാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തന്നെ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്ന് പറഞ്ഞ ശബരിമല നിയമത്തിന്റെ കരട് രൂപം ഇന്ന് പുറത്തുവിട്ടിരുന്നു. ആചാരലംഘനം നടന്നാൽ 2 വർഷം വരെ തടവ് ലഭിക്കുമെന്ന് കരടിൽ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ ശബരിമലയിൽ നിയമനിർമാണത്തിന് സാധുതയില്ലെന്നാണ് സർക്കാർ നിലപാട് അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ യുവതീപ്രവേശനം കൂടുതൽ സജീവമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിലാണ് യുഡിഎഫ്.
Read also : അഹംഭാവം മൂലം മമത കർഷകർക്കുള്ള കേന്ദ്ര പദ്ധതി അനുവദിച്ചില്ല; ജെപി നഡ്ഡ







































