തിരുവനന്തപുരം : ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎ ബേബി നടത്തിയ പ്രസ്‌താവന സിപിഎമ്മിന്റെ ചുവടുമാറ്റത്തിന്റെ ഭാഗമാണെന്ന് വ്യക്‌തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൂടാതെ ഇത് സിപിഎമ്മിന്റെ അടവ് തന്ത്രമാണെന്നും, ശബരിമല വിഷയത്തെ ഇത്രയധികം സങ്കീർണ്ണമാക്കിയത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എംഎ ബേബി നടത്തിയത് പോലെയുള്ള വീക്ഷണ വ്യതിയാനങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും, എന്നാൽ ഇത് മനസിലാക്കാൻ സിപിഎമ്മിന് കഴിയാതെ പോയതാണ് അവർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ പുതിയ സത്യവാങ്മൂലം എന്താണെന്ന് വ്യക്‌തമാക്കണമെന്നും, അതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കി. അതേസമയം തന്നെ അടുത്ത തിരഞ്ഞെടുപ്പോട് കൂടി യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇത് തീർച്ചയായും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ശബരിമല വിഷയത്തെ രാഷ്‌ട്രീയമാക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ പുതിയ നിലപാടിന് മടിയില്ലെന്നും, പാർട്ടിയെടുക്കുന്ന സമീപനം ജനങ്ങൾ സ്വീകരിക്കാൻ തയാറല്ലെങ്കിൽ ജനങ്ങൾക്ക് മേൽ ബലാൽക്കാരമായി നടപ്പാക്കാൻ ശ്രമിക്കില്ലെന്നും എംഎ ബേബി വ്യക്‌തമാക്കിയിരുന്നു. അതേസമയം, സ്‌ത്രീ തുല്യതക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് ബേബി കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്.
Read also : സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്‌ത്ര







































