തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യം താഴേക്ക് പോകുമ്പോൾ, അതിൽ മാറ്റം വരാതെ കേരളം. സംസ്ഥാനത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഉയർച്ച തുടരുകയാണ്. കൂടാതെ നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും, പ്രതിദിന കോവിഡ് മരണത്തിലും, രോഗം ബാധിച്ചു ചികിൽസയിൽ തുടരുന്ന ആളുകളുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നിൽ തുടരുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്തെ 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ച 78 പേരിൽ 16 പേരും കേരളത്തിൽ നിന്നാണ്. അതായത് കഴിഞ്ഞ ദിവസസം രാജ്യത്തെ കോവിഡ് മരണനിരക്കിൽ 20.51 ശതമാനവും കേരളത്തിലാണ്. ഇതിനൊപ്പം തന്നെ രാജ്യത്ത് നിലവിൽ ചികിൽസയിൽ തുടരുന്നവരുടെ എണ്ണത്തിലും ഇപ്പോൾ കേരളമാണ് രാജ്യത്ത് മുന്നിൽ തുടരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വരെ രാജ്യത്ത് ആകെ ചികിൽസയിൽ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം 1,43,625 ആണ്. ഇവരിൽ 45.72 ശതമാനം ആളുകളും കേരളത്തിൽ നിന്നാണ്. അതായത് 65,670 രോഗികളും കേരളത്തിൽ നിന്നുള്ളവരാണ്. കൂടാതെ മഹാരാഷ്ട്രയിൽ നിന്നുള്ള 35,991 ആളുകളാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്ന രോഗികളിൽ 71 ശതമാനവും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ്.
അതേസമയം തന്നെ അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്ര–നാഗർ ഹവേലി, ലക്ഷദ്വീപ് തുടങ്ങിയ 7 ഇടങ്ങളിൽ കഴിഞ്ഞ 3 ആഴ്ചകളായി കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല. കൂടാതെ കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തെ മരണനിരക്കിൽ 55 ശതമാനം കുറവ് ഉണ്ടായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
Read also : സരിതയുടെ തൊഴിൽ തട്ടിപ്പ്; കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി





































