ന്യൂഡെൽഹി : പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹത്തിന് കുടുംബത്തിന്റെ ഉൾപ്പടെ മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. പ്രായപൂർത്തി ആയ രണ്ട് പേർക്ക് വിവാഹിതരാകാൻ കുടുംബം, സമുദായം എന്നിവയുടെ അനുവാദം ആവശ്യമില്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. കർണാടകയിൽ മാതാപിതാക്കളുടെ അനുവാദമില്ലാതെ വീട്ടിൽ നിന്നും ഇറങ്ങി പോയ മകൾ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന പേരിൽ നൽകിയ കേസിന്റെ അടിസ്‌ഥാനത്തിലാണ് സുപ്രീംകോടതി നയം അറിയിച്ചത്.
ജസ്‌റ്റിസ് സജ്‌ഞയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനായി അടുത്ത 8 ആഴ്‌ചക്കുള്ളിൽ മാർഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.
കർണാടകയിലെ ബെലഗാവി ജില്ലയിൽ മുർഗോഡ് പോലീസ് സ്‌റ്റേഷനിലാണ് മകൾ അനുവാദമില്ലാതെ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും, മറ്റൊരാളെ വിവാഹം കഴിച്ചെന്നും കാണിച്ചുകൊണ്ട് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹത്തിന് കുടുംബത്തിന്റെയോ, സമുദായത്തിന്റെയോ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്‌തമാക്കിയത്.
Read also : സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്





































