കാസർഗോഡ് : ജില്ലയിലെ ചൈൽഡ് ലൈനിൽ കഴിഞ്ഞ 10 മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 329 കേസുകളാണ്. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയാണ് ജില്ലയിലെ ചൈൽഡ് ലൈനിൽ ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും, ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് ലൈൻ ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 120 കേസുകൾ തുടർ നടപടികൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ കെഎം ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ചൈൽഡ് ലൈൻ ജില്ലാ കോഓർഡിനേറ്റർ അനീഷ് ജോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്എൻ സരിത, ചൈൽഡ് പ്രൊട്ടകഷൻ ഓഫീസർ സിഎം ബിന്ദു, സിഡബ്ള്യൂസി അംഗം മണി ജി നായർ, ചൈൽഡ്ലൈൻ നോഡൽ ഡയറക്ടർ മാത്യു സാമുവൽ, ലീഗൽ സർവീസ് അതോറിറ്റി സെക്ഷൻ ഓഫീസർ എ ദിനേശ്, ചൈൽഡ് ലൈൻ സപ്പോർട്ട് ഡയറക്ടർ സുധാകരൻ തയ്യിൽ എന്നിവർ പങ്കെടുത്തു.
Read also : സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് ഉദ്യോഗാർഥികൾ






































