ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ രണ്ട് പെണ്‍കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പോലീസിന് എന്തും ചെയ്യാൻ സ്വാതന്ത്ര്യം കൊടുത്താല്‍ ഇത്തരത്തിലാകും ഫലമെന്ന് അഖിലേഷ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ക്രൂരമായി ഉപദ്രവിക്കുന്ന നടപടിയാണ് യോഗി സര്‍ക്കാർ സ്വീകരിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
‘ഉന്നാവിലെ രണ്ട് പെണ്‍കുട്ടികളുടെ മരണത്തിന് ആരാണ് ഉത്തരവാദി. പോലീസിന് എല്ലാ സ്വാതന്ത്ര്യവും നല്കി അഴിച്ചുവിട്ടാല്‍ ഇതൊക്കെയാണ് സംഭവിക്കുക. യുപിയില്‍ പെണ്‍കുട്ടികളും അമ്മമാരും സുരക്ഷിതരല്ല. ഹത്രസില്‍ നിന്നും ഉന്നാവോയില്‍ നിന്നും നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്’, അഖിലേഷ് യാദവ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ അനാവശ്യമായി വേട്ടയാടുന്ന പോലീസ്, പ്രവര്‍ത്തകരെ വ്യാജകേസുകളില്‍ പ്രതി ചേര്‍ക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ പതിമൂന്നും, പതിനാറും വയസുള്ള പെൺകുട്ടികളെയാണ് ഉത്തർപ്രദേശിലെ ഉന്നാവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വനമേഖലക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read also: ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു







































