മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചു. പാർട്ടി മാറി ബിജെപിയിൽ എത്തിയ എപി അബ്ദുള്ളക്കുട്ടിയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങുന്നത്.
നിലവിൽ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് എപി അബ്ദുള്ളക്കുട്ടി. കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വേണ്ടി രാജിവച്ചതോടെയാണ് ഇവിടെ ഒഴിവ് വന്നത്.
എൽഡിഎഫും യുഡിഎഫും ഇതു വരെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലീഗിൽ നിന്ന് അരഡസനോളം നേതാക്കളുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. എസ്എഫ്ഐ നേതാവ് വിപി സാനുവിന്റെ പേരാണ് എൽഡിഎഫിൽ ചർച്ചയാവുന്നത്.
അതേസമയം മണ്ഡലത്തിൽ ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചു. എപി സാദിഖലി തങ്ങളാണ് സമിതിയുടെ സ്ഥാനാർഥി. അധികാരത്തിനു വേണ്ടിയാണ് പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതെന്ന് ആരോപിച്ച് ഒരു വിഭാഗം യുവാക്കൾ രൂപീകരിച്ചതാണ് ഈ സമിതി.
Read Also: എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻസിപിയിൽ രാജി








































