തൃശൂർ: നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ഥാനാർഥി പ്രഖ്യാപനം മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരിക്കുമെന്ന് കെ മുരളീധരൻ. സ്‌ഥാനാർഥി പ്രഖ്യാപത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്നും മുരളീധരൻ വ്യക്‌തമാക്കി. പാലക്കാട് ബിജെപി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച ബ്ളോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തിൽ ഉപതിരഞ്ഞെടുപ്പും സ്‌ഥാനാർഥി നിർണയവും ചർച്ചയായി. സീറ്റ് നിലനിർത്താനുള്ള തന്ത്രങ്ങളും നേതാക്കൾ പങ്കുവെച്ചു. സ്‌ഥാനാർഥികളുടെ പേരുകൾ ഉയർത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. മതിയായ ചർച്ചകളിലൂടെ ഉചിത സ്‌ഥാനാർഥിയെ നിർണയിക്കുമെന്നും മുരളീധരൻ പറഞ്ഞു.
എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭയിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാൾ 9707 വോട്ട് അധികം.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി