പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ വൻ വിവാദമായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്. യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നായിരുന്നു പരാതി.
എന്നാൽ, പരാതിയിൽ തെളിവില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട് നൽകി. ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ സിപിഎമ്മും ബിജെപിയുമാണ് ആരോപണവുമായി രംഗത്തുവന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ട്രോളി ബാഗിൽ പണം കടത്തിയതിന് തെളിവ് ലഭിച്ചില്ലെന്നും തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. നീല ട്രോളി ബാഗിൽ പണം കടത്തിയെന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദമായിരുന്നു. ചില കോൺഗ്രസ് നേതാക്കൾ പെട്ടിയുമായി നീങ്ങുന്ന ദൃശ്യങ്ങളും സിപിഎം പുറത്തുവിട്ടിരുന്നു.
പിന്നാലെ കളക്‌ടർക്കും എസ്‌പിക്കും സിപിഎം പരാതി നൽകി. ആരോപണം നിഷേധിച്ച കോൺഗ്രസ് തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ചു. ആരോപണത്തെ തുടർന്ന് സിപിഎമ്മിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായി. ട്രോളി ബാഗിന് പിന്നാലെ പോകേണ്ടതില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്‌മാനും ബിന്ദുകൃഷ്‌ണയും താമസിച്ച മുറികളിൽ ഉൾപ്പടെ അർധരാത്രി പോലീസ് പരിശോധന നടത്തിയതാണ് ആദ്യം ചർച്ചയായത്.
ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ ഉദ്യോഗസ്‌ഥർ ഉണ്ടായിരുന്നില്ല. ഇത് വലിയ രാഷ്‌ട്രീയ വിവാദമായി മാറുകയും ചെയ്‌തു. പിന്നാലെ ആരോപണം ബലപ്പെടുത്താൻ സിപിഎം സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. പാതിരാ റെയ്‌ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കെഎസ്‌യു നേതാവ് ഫെനി നൈനാൻ നീല ട്രോളി ബാഗുമായി ഹോട്ടലിലേക്ക് എത്തുന്നതും മുറിയിലേക്ക് കയറുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം