കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ വിമർശനം. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അന്ന് പറയേണ്ടെന്ന് കരുതിയതാണ്. പാലക്കാട് ഒരു ദിവസം മാത്രമാണ് പോയത്. കെ സുധാകരന്റെയും വിഡി സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്‌തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോ എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു.
എല്ലാവരെയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്‌ഥയുണ്ടായാൽ അത് അംഗീകരിക്കാൻ സാധിക്കില്ല. ചിലർ മാറിനിൽക്കുകയും ചിലർ ഉൾപ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെപിസിസി പ്രസിഡണ്ടിനെ മാറ്റേണ്ടതില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവരെയും തുല്യമായി കരുതുന്ന നേതാക്കൾ വരണം. എന്നാൽ, ഒരു പ്രത്യേക വിഭാഗത്തുൾപ്പെട്ടയാൾ വരണമെന്ന് ഞാൻ പറയില്ല. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. എനിക്കൊഴിച്ച്, അതെന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്‌ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാർട്ടി വിളിക്കുമ്പോൾ പോകണമെന്ന നിലപാടിലേക്കെത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Most Read| രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പ്രോബ-3 കുതിച്ചുയർന്നു; സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം