മലപ്പുറം: പൊന്നാനിയിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഐഎമ്മിൽ കൂട്ടരാജി. വിവിധ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് നൽകി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖിനെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് അംഗങ്ങളുടെ രാജി.
സിദ്ദിഖിനെ അനുകൂലിച്ച് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ടിഎം സിദ്ദിഖിനെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
സ്പീക്കർ പി ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖിനെയാണ് പൊന്നാനിയിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാൽ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാറിന്റെ പേര് നിർദേശിക്കപ്പെട്ടതോടെയാണ് പ്രതിഷേധം ഉയർന്നത്. നന്ദകുമാറിനെ മൽസരിപ്പിക്കാനുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റും അംഗീകരിച്ചിരുന്നു.
Read also: മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മൽസരിക്കും; കമൽഹാസൻ








































