തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരൻ വെല്ലുവിളി ഏറ്റെടുത്തു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മൽസരിപ്പിക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി.
കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ ഒരാഴ്‌ച നീണ്ടുനിന്ന അനിശ്‌ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. അവസാന നിമിഷം വരെ ഉമ്മൻചാണ്ടിയുടെ പേര് ഉയർന്ന് കേട്ടിരുന്ന നേമത്ത് കെ മുരളീധരൻ സ്‌ഥാനാർഥിയാകും. പുതുപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രതിഷേധത്തെ തുടർന്നാണ് ഉമ്മൻചാണ്ടി നേമത്ത് നിന്ന് പിൻവാങ്ങാൻ കാരണം.
എംപിമാർ മൽസരിക്കേണ്ട എന്ന് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നെങ്കിലും നേമത്തെ അഭിമാനപോരാട്ടം ആയതിനാൽ കെ മുരളീധരന് ഇളവ് ലഭിച്ചു. അതേസമയം, ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാട് കെ ബാബുവിന് സീറ്റ് ഉറപ്പിച്ചപ്പോൾ കൊല്ലത്ത് പിസി വിഷ്‌ണുനാഥിനെ രംഗത്തിറക്കാനുള്ള ശ്രമം പാളി. വിഷ്‌ണുനാഥ് കുണ്ടറയിൽ സ്‌ഥാനാർഥി ആയേക്കും.
സ്‌ഥാനാർഥി പട്ടിക കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഡെൽഹിയിൽ പ്രഖ്യാപിക്കും. പട്ടാമ്പി, നിലമ്പൂർ ഒഴികെയുള്ള സീറ്റുകളിലാണ് പ്രഖ്യാപനം. തർക്കം നിലനിന്നിരുന്ന 10 മണ്ഡലങ്ങളിലെയും സ്‌ഥാനാർഥികളെ വ്യക്‌തമാകുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും.
Also Read: ‘കെ ബാബു വേണം’; തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി







































