തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി പട്ടികയിൽ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ. സ്‌ഥാനാർഥി പട്ടികയിൽ സ്‍ത്രീകളോട് ഒരുതരം പ്രതികാര ബുദ്ധി സ്വീകരിച്ചതായി സംശയിക്കുന്നുവെന്നും ആനിരാജ പറഞ്ഞു.
‘കേരളത്തിലെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കൂട്ട തോല്‍വിയാണ് ഈ സ്‌ഥാനാർഥി പട്ടിക. സ്‌ഥാനാർഥികളെ നിശ്‌ചയിക്കുന്ന കാര്യം പരിശോധിക്കുമ്പോള്‍ സ്‍ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയം ഉണ്ടാവുന്നുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷൻമാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നത്,’ ആനിരാജ പറഞ്ഞു.
മാത്രമല്ല ലതികാ സുഭാഷ് വിഷയത്തിലും ശക്‌തമായ ഭാഷയിൽ ആനിരാജ വിമർശനം ഉന്നയിച്ചു. ലതികാ സുഭാഷ് തലമുണ്ഡനം ചെയ്‌തത് ശരിയായില്ല എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന തികഞ്ഞ സ്‍ത്രീ വിരുദ്ധ നിലപാടാണ്. സ്‍ത്രീകള്‍ ഏത് രീതിയില്‍ പ്രതിഷേധിക്കണമെന്നത് പോലും പുരുഷൻമാരുടെ മനോനിലക്ക് അനുസരിച്ചായിക്കണം എന്നതാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്; ആനി രാജ പറഞ്ഞു.
കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്‍ത്രീകളെ അവഗണിച്ചതിനെ തുടർന്നാണ് തന്റെ രാജിയെന്ന് ലതികാ സുഭാഷ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു. മൊത്തം സ്‌ഥാനാർഥികളില്‍ 20 ശതമാനം സ്‍ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഒമ്പത് വനിതകളെ മാത്രമാണ് യുഡിഎഫ് ഉൾപ്പെടുത്തിയത്. സിപിഐഎം സ്‌ഥാനാർഥി പട്ടികയില്‍ 11ഉം സിപിഐയില്‍ രണ്ടും വനിതാ സ്‌ഥാനാർഥികള്‍ മാത്രമാണ് മൽസരിക്കുന്നത്.
Read also: കോൺഗ്രസിൽ സ്‍ത്രീകൾക്ക് അവഗണന; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്‌ബു







































