വടകര: ത്രില്ലടിപ്പിച്ച രാഷ്‌ട്രീയ നാടകങ്ങൾക്കും, പ്രതിസന്ധികൾക്കും ഒടുവിൽ വടകരയിൽ കെകെ രമയുടെ സ്‌ഥാനാർഥിത്വം ആർഎംപി സ്‌ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രമയെ സ്‌ഥാനാർഥി ആക്കാനുളള ആര്‍എംപി തീരുമാനം.
വടകര മണ്ഡലം പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമായാണ് പുതിയ ഫോർമുലക്ക് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. എന്നാൽ പാർട്ടിയുടെ സ്‌ഥാനാർഥിയെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച നടപടിയിൽ ആർഎംപിയിൽ അമർഷം പുകയുന്നുണ്ട്.
രമേശ് ചെന്നിത്തല സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്ന് ആര്‍എംപി സംസ്‌ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. നേരത്തെ വേണുവിനെ സ്‌ഥാനാർഥിയായി മൽസരിപ്പിക്കാൻ ആയിരുന്നു ആർഎംപിയുടെ നീക്കം. എന്നാൽ രമക്ക് വേണ്ടി കോൺഗ്രസ് കടുത്ത സമ്മർദ്ദം ഉയർത്തിയതോടെ ആർഎംപി ധർമസങ്കടത്തിലായി.
ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ആർഎംപി നേതൃത്വം വെട്ടിലായി. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി രമയെ തന്നെ സ്‌ഥാനാർഥി ആക്കുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കാന്‍ ആർഎംപി തീരുമാനിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉടലെടുത്ത ഭിന്നതകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയായിരുന്നു.
രമ സ്‌ഥാനാർഥിയായാല്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്ന് മുല്ലപ്പളളി ഉള്‍പ്പെടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നിലപാടെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിച്ച് 20000ത്തോളം വോട്ട് പിടിച്ച ആര്‍എംപി യുഡിഎഫ് പിന്തുണയോടെ വിജയിച്ചു കയറാമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു







































