കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ കോൺഗ്രസ് വിമത സ്ഥാനാർഥി ഇന്ന് നാമനിർദേശ പത്രിക നൽകും. കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേശ് മണിയാണ് വിമതനായി മൽസരിക്കുന്നത്. സീറ്റ് എന്സികെക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
മാണി സി കാപ്പന്റെ എന്സികെക്ക് എലത്തൂര് സീറ്റ് വിട്ടുനല്കിയതില് പ്രാദേശിക കോണ്ഗ്രസ് വലിയ പ്രതിഷേധങ്ങൾ ഉയര്ത്തിയിരുന്നു. ഡിസിസി ഓഫീസിന് മുന്നില് ഉള്പ്പെടെ കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിഷേധമുയര്ന്നിട്ടും തീരുമാനത്തില് നിന്ന് സംസ്ഥാന നേതൃത്വം പിന്മാറാത്ത സാഹചര്യത്തിലാണ് ജില്ലാ കോണ്ഗ്രസ് നേതൃത്വം തന്നെ ഇടപെട്ട് യുവി ദിനേശ് മണിയെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നത്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി എന്സികെയുടെ സുള്ഫിക്കര് മയൂരിയും ഇന്ന് തന്നെയാണ് പത്രിക സമര്പ്പിക്കുന്നത്.
അതേസമയം പേരാമ്പ്ര സീറ്റ് ലീഗിന് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് വിളിച്ചുചേർത്ത വിമത കോൺഗ്രസ് കൺവൻഷൻ ഇന്ന് നടക്കും. സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കിയാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.
Read Also: കെടി ജലീലിനെ അപകീർത്തിപ്പെടുത്തി എന്ന കേസ്; യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തു







































