കണ്ണൂർ: ഓട്ടോറിക്ഷാ ചിഹ്‌നം എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്‌ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അനുവദിച്ചു. ചിഹ്‌നം സംബന്ധിച്ച് യുഡിഎഫ് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ തള്ളി. ആദ്യം ചിഹ്‌നം ആവശ്യപ്പെട്ട സ്വതന്ത്ര സ്‌ഥാനാർഥി പിവി രാമചന്ദ്രന് നൽകണം എന്നായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി സതീശൻ പാച്ചേനിയുടെ ആവശ്യം.
1968ലെ തിരഞ്ഞെടുപ്പ് ചിഹ്‌നം അനുവദിക്കുന്നത് സംബന്ധിച്ച നിയമ പ്രകാരം രജിസ്‌ട്രേഡ് പാട്ടികൾക്ക് അവർ ആവശ്യപ്പെടുന്ന സ്വതന്ത്ര ചിഹ്‌നം അനുവദിക്കാമെന്ന വ്യവസ്‌ഥയുണ്ടെന്ന് കടന്നപ്പള്ളിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് കോൺഗ്രസ് എസ് രജിസ്ട്രേഡ് പാർട്ടിയാണെന്നും അതിനാൽ ചിഹ്‌നം അനുവദിക്കാമെന്നും റിട്ടേണിങ് ഓഫീസർ വ്യക്‌തമാക്കി.
രജിസ്ട്രേഡ് പാർട്ടി എന്ന രേഖ കടന്നപ്പള്ളി ഹാജരാക്കിയില്ലെന്ന് സതീശൻ പാച്ചേനിയുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ, രജിസ്ട്രേഡ് പാർട്ടി എന്നത് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന വാദം സ്വീകരിച്ച് റിട്ടേണിങ് ഓഫീസർ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ചിഹ്‌നം അനുവദിക്കുകയായിരുന്നു.
Also Read: തിരഞ്ഞെടുപ്പ് സർവേ; ജനവികാരം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല







































